മലയാള സിനിമ ആസ്വാദകരുടെ ഹൃദയത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും മനുഷ്യ ബന്ധങ്ങളെയും ഹൃദയ വികാരത്തോടെ നിവേദിച്ച തിരക്കഥാകൃത്താണ് എ. കെ. ലോഹിതദാസ്. രണ്ട് പതിറ്റാണ്ടിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ തന്റെ പ്രതിഭാ സ്പര്‍ശം കൊണ്ട് ധന്യമാക്കിയ കലാകാരന്. ശൂന്യതയില്‍ നിന്ന് ഒരു കഥാപാത്രത്തെയും അതിലുടെ മന്യഷ്യ ബന്ധങ്ങളിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലവും അഭ്രപാളിയിലേക്ക് വിന്യസിപ്പിച്ച ലോഹിയുടെ എണ്ണമറ്റ തിരക്കഥകളാണ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്.
1955 മേയ് 10 ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലുള്ള മുരിങ്ങൂരിലെ അമ്പഴത്തു പറമ്പില്‍ വീട്ടില്‍ കരുണാകരന് മായിയമ്മ ദമ്പതികള്‍ക്ക് പിറന്ന സന്തതിയാണ് ലോഹിതദാസ്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തീകരിച്ച ലോഹി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന് കോഴ്സും പൂര്‍ത്തിയാക്കി വൈദ്യ മേഖലയില്‍ തൊഴില്‍ ചെയ്തു വരികയായിരുന്നു. ചെറുകഥകള്‍ എഴുതി കൊണ്ട് എഴുത്തിന്റെ ലോകത്തേക്ക് കടന്ന് വന്ന ലോഹിയുടെ ഏകാദശി നോറ്റ കാക്ക എന്ന ചെറുകഥ പ്രശംസനീയമായിരുന്നു.
മലയാള നാടക പ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്ന തോപ്പില്‍ ഭാസിയുടെ ആശീര്‍വാദത്തോടെ നാടക ലോകത്തേക്ക് കടന്ന് വന്നു ലോഹിതദാസ്. തന്റെ ഏകാദശി നോറ്റ കാക്ക എന്ന ചെറുകഥ സിന്ധു ശാന്തമായി ഒഴുകുന്നു എന്ന പേരില്‍ അരങ്ങത്ത് എത്തിയപ്പോള്‍, വളരെയികം നിരൂപക ശ്രദ്ധയും അതിലേറെ സാമ്പത്തിക ലാഭവും നേടി. 1986-ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് ഈ നാടകത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.
ജീവിത അനുഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്തുവര്‍ക്ക് മാത്രമേ നന്നായി എഴുതുവാന്‍ കഴിയൂ അത്തരത്തില്‍ ഉള്ളവരുടെ സൃഷ്ടികളാണ് എക്കാലത്തും ജനങ്ങളുടെ നെഞ്ചിലേറുന്നത്. എം.ടി. പത്മരാജന് ജോണ്‍പോള്‍ എന്നിങ്ങനെ പ്രമുഖര്‍ മലയാള സിനിമയുടെ തിരക്കഥാ രംഗത്ത് മാറ്റുരച്ച് അരങ്ങ് വാഴുമ്പോഴാണ്, അഭിനയ പെരുന്തച്ചന്റെ വാത്സല്യവുമായ് നാടക രംഗത്ത് നിന്നും എ. കെ. ലോഹിതദാസ് കടന്ന് വരുന്നത്. തുടര്‍ന്ന് രണ്ട് ദശാബ്ദകാലം മലയാള സിനിമയുടെ സെല്ലുലോയിഡില്‍ നിറഞ്ഞാടിയ ലോഹിതദാസ് അന്നുവരെ കണ്ട് പരിചിതമല്ലാത്ത പല ജന വിഭാഗങ്ങളെയും മലയാള സിനിമയുടെ വെളളി വെളിച്ചത്തിലേക്ക് സന്നിവേശിപ്പിച്ചു.
1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന ചലചിത്രത്തിന് തിരക്കഥ എഴുതിയാണ് ലോഹിതദാസ് മലയാള സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്. ‘ എല്ലാരും പറയ്യാ മാഷേ… മാഷ്ക്ക് ഭ്രാന്താണ് ‘ ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന് മാഷോട് ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ നെഞ്ചുരുകി വീര്പ്പടക്കിയാണ് ആ രംഗം കണ്ടത്. ഒരു പെട്ടിയും കുട്ടിയുമായി വഴി തെറ്റി സഞ്ചരിച്ചിരുന്ന മമ്മൂട്ടിയിലെ പ്രതിഭയെ തിരിച്ച് കൊണ്ട് വന്നത്, ലോഹി ജന്മം നല്കിയ ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന് മാഷായിരുന്നു. മമ്മുട്ടി എന്ന അഭിനേതാവില്‍ തുടര്‍ന്ന് ഉണ്ടായ അമരത്വം പിന്നീട് ഇറങ്ങിയ സിനിമകളിലൂടെ ഏറെ കണ്ടതാണ് നമ്മള്.
സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള ബഹുമതി തന്റെ പ്രഥമ തിരക്കഥയിലൂടെ കരസ്ഥമാക്കിയ ലോഹിയുടെ തുടര്‍ന്നുള്ള ജൈത്രയാത്രയില്‍ പിറന്നത് 45 ല്‍പരം തനി ആവര്‍ത്തനങ്ങളില്ലാത്ത തിരക്കഥകള്‍. ഒരു നടന് എന്ന വാക്കിന് പരിപൂര്‍ണത കൈവരിക്കുന്ന മലയാളികളുടെ സ്വന്തം അഹങ്കാരമായ വിശ്വോത്തര പ്രതിഭ മോഹന്‍ലാലിന്, ആദ്യമായ് ദേശീയ അംഗീകാരം ലഭിച്ച കിരീടത്തിന്റെ സൃഷ്ടാവ് എ. കെ. ലോഹിതദാസായിരുന്നു.1997 ല്‍ ഭൂതകണ്ണാടി എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ച ലോഹി തന്റെ പ്രഥമ സംവിധാനത്തിന് സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
വള്ളുവനാടന്‍ ഗ്രാമങ്ങളെയും ഇവിടത്തെ മനുഷ്യരെയും അവരുടെ ജീവിതത്തെയും ഹൃദയം കൊണ്ട് ആവാഹിച്ച ലോഹിതദാസ് ആധാരം എന്ന സിനിമയുടെ ഘട്ടത്തിലാണ് നിളയുടെ തീരത്ത് എത്തുന്നത്. പിന്നീട് മലയാള സിനിമയുടെ എഴുതാപുറങ്ങളിലേക്ക് ഒരു പുതിയ ഊര്‍ജവുമായി ഇഴുകി ചേരുകയായിരുന്ന ലോഹിയുടെ പ്രധാന എഴുത്തുപുര, ഷൊര്‍ണൂരിലെ പി. ഡബ്ല്യൂ ഡി റസ്റ്റ് ഹൗസും നെടുങ്ങോട്ടുരിലെ സ്കന്ദ വിഷ്ണു ക്ഷേത്രത്തിനു മുന്‍വശത്തെ വസതിയുമായിരുന്നു. ഇവിടെ നിന്നും പിറന്ന ജൂനിയര്‍ യേശുദാസും രാധ എന്ന പെണ്‍കുട്ടിയുമാണ് പിന്നീട് മലയാള സിനിമ കീഴടക്കിയ ഇന്നത്തെ ദിലീപും മഞ്ജു വാര്യരും.
ഷൊര്‍ണൂരില്‍ താമസിക്കുന്ന കാലത്ത് ജന്മം കൊണ്ട സിനിമകളാണ് ആധാരം മുതല്‍ തൂവല്‍കൊട്ടാരം വരെയുള്ള പന്ത്രണ്ടെണ്ണം. പിന്നീട് ഒറ്റപ്പാലത്തിനടുത്ത് പഴയ ലക്കിടിയിലെ അകലൂരിള്ള ഒരു പഴയ തറവാടും സ്ഥലവും വാങ്ങി അമരാവതി എന്ന പേരിട്ട് താമസമാരംഭിച്ചു. ഇവിടെ നിന്നാണ് ലോഹിതദാസിലെ സംവിധായകന് ഇറങ്ങി വരുന്നതും, പിന്നീട് എഴുതിയ പന്ത്രണ്ട് തിരക്കഥകള്‍ സംവിധാനം ചെയ്തതും. ഷൊര്‍ണ്ണൂരില്‍ നിന്ന് അഭിനയം തുടങ്ങിയ ലോഹി ആറ് സിനിമകളില്‍ തന്റെ അഭിനയ മോഹം പ്രകടമാക്കിയപ്പോള്‍, അമരാവതിയുടെ പഠിപ്പുരയില്‍ ഇരുന്ന് എഴുതിയ നാല് പാട്ടുകള്‍ മലയാളിക്ക് ഇന്നും പ്രിയമാണ്.
മലയാളികളുടെ സാംസ്ക്കാരിക പ്രതീകമായ നമ്മുടെ രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഭാരതപുഴ അഥവാ നിള എന്ന നദിയുടെ തീരത്തെ സ്വവസതിയായ അമരാവതിയില്‍ ഇരുന്ന് കൊണ്ട് ഒരിക്കല്‍ ലോഹി പറഞ്ഞു. മഴ ഒരു നൂലിഴ പോലെയാണ് ഇഴ അകലുമ്പോള്‍ ഒരു കാലം കൂടി മറയുന്നു. ഒരു പെരുമഴകാലം വരുന്നതിന് മുമ്പേ 2009 ജൂണ്‍ 28ന് രാവിലെ ആലുവ പുഴയോരത്തെ വസതിയില്‍ ചാറ്റല്‍ മഴയുടെ നൃത്ത ചുവടുകള്‍ക്ക് കൂട്ടായി, തന്റെ സ്വപ്നമായ ഭീഷ്മരുടെ മിനുക്ക് പണിയില്‍ ഏര്‍പ്പെട്ട ലോഹിതദാസിന്റെ സര്‍ഗശേഷിയെ ഹൃദയാഘാതം കീഴ്പ്പെടുത്തുകയായിരുന്നു.
കൊച്ചി സ്വകാര്യ ആശുപത്രിയില്‍ നിന്നും ലോഹി തന്റെ അമരാവതിയില്‍ തിരിച്ചെത്തിയത് കലാകേരളത്തിന്റെ കണ്ണുനീര് കണങ്ങളില്‍ കുതിര്‍ന്നായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ബഹുമതികള്‍ നിഴലായ് ഒപ്പമുണ്ടായിരുന്ന ലോഹിതദാസില്‍ നിന്നും, അവസരങ്ങള്‍ക്കായി നിരവധിപേര്‍ കാത്തിരുന്ന അമരാവതിയിലെ സ്മൃതി കുടീരത്തില്‍ ഇന്ന് കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തുന്നു. മലയാള ഭാഷ സംസാരിക്കുന്ന സിനിമകളിലെ ശുദ്ധമലയാളത്തിന്റെ സിരാകേന്ദ്രമായ, വള്ളുവനാടിന്റെ മണ്ണില്‍ അന്ത്യ വിശ്രമം കൊള്ളുന്ന തൂലിക കൊണ്ട് അഭ്രപാളികളില്‍ വിസ്മയം തീര്‍ത്ത സൂത്രധാരന്‍ പ്രണാമം…
തെയ്യാറാക്കിയത്:
പ്രസാദ് കെ ഷൊര്‍ണൂര്‍


