ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ഇന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യംചെയ്യും. മുന്‍നിര നടിമാരായ ശ്രദ്ധാകപൂര്‍, സാറാ അലിഖാന് എന്നിവരോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുംബൈയിലെ എന്‍സിബി ഓഫിസില്‍ എത്താനാണ് ദീപകയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. നടി രാകുല്‍ പ്രീതിനെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.
അന്വേഷണം നടിയിലേക്ക് എത്തിച്ച വാട്സാപ്പ് ചാറ്റ് നടത്തിയ മാനേജര്‍ കരീഷ്മ പ്രകാശിന് ഒപ്പമിരുത്തിയാകും വിവരങ്ങള്‍ തേടുക. 2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന് ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങള്‍ കൂടി അന്വേഷണ സംഘം ഇന്നലെ നല്കി.
ലഹരിമരുന്നുകള്‍ സംബന്ധിച്ച 2017ലെ വാട്സാപ്പ് സന്ദേശങ്ങള്‍ നടിയുമായി പങ്കുവെച്ചതായി കരീഷ്മ ഇന്നലെ സമ്മതിച്ചെന്നാണ് വിവരം. എന്നാല്‍ ദീപിക ലഹരി ഉപയോഗിച്ചില്ലെന്ന് മാനേജര്‍ മൊഴികൊടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത്തുമായി നേരിട്ട് ലഹരിഇടപാടുകള്‍ നടത്തിയെന്നാണ് ശ്രദ്ധാ കപൂറിനും സാറാ അലി ഖാനുമെതിരായ ആരോപണം.
ദീപികയുടെ മാനേജര്‍ കരിഷ്മയും സുശാന്ത് സിങ്ങിന്റെ മാനേജര്‍ ജയ സഹയും ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. താന്‍ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കു വേണ്ടിയാണെന്നാണ് രാകുലിന്റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ഇന്നലെ ചോദ്യം ചെയ്യലിനെത്തിയ ധര്‍മ പ്രൊഡക്ഷന്‍സിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് പ്രസാദിനെ എന്‍സിബി കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ക്ക് ഇപ്പോള്‍ സ്ഥാപനവുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ധര്‍മ്മ പ്രൊഡക്ഷന്‍സ് ഉടമ കരണ്‍ ജോഹര്‍ രംഗത്തെത്തി.
സമീപകാലത്ത് ആദ്യമായാണ് ബോളിവുഡിലെ ഏറ്റവും ഉന്നതശ്രേണിയിലേക്ക് ലഹരിമരുന്ന് കേസിലെ അന്വേഷണം നീളുന്നത്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കപ്പെട്ടോയെന്നും എന്‍സിബി അന്വേഷിക്കുന്നുണ്ട്.


