കൊച്ചി: നടന്മാര്ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടന്മാര്ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.
തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു
മുകേഷ്, ജയസൂര്യ , ഇടവേള ബാബു, മണിയൻപ്പിള്ള രാജു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിന്‍വലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്.
പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നൽകുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.