മലയാളി മറക്കുന്ന മഹാത്മാക്കളില്‍ പ്രഥമ സ്ഥാനത്ത് വരുന്ന ഒരു വ്യക്തിത്വമാണ് സര് ചേറ്റൂര്‍ ശങ്കരന് നായര്‍. സത്യം തുറന്ന് പറയുകയും ശരിയെന്ന് ഉത്തമ ബോധ്യമുള്ള നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന, ഒട്ടനവധി മഹാന്മാര് ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിദ്രയിലാണ്ട് കിടപ്പുണ്ട്. നമ്മുടെ ഇന്നത്തെ കാലഘട്ടത്തില്‍ കാണുവാന്‍ സാധിക്കാത്ത വിരളമായ, മുഖസ്തുതി പാടാതെ ആരെയും പ്രീണിപ്പിക്കാതെ മനസാക്ഷി പണയം വെക്കാതെ, രാജ്യസ്നേഹം മുഖമുദയായി ദീര്‍ഘവീക്ഷണത്തോടെ എടുത്ത അന്ത്യമ തീരുമാനങ്ങളുടെ അനന്തര ഫലമാണ്, ചരിത്രം എഴുതിയവര്‍ ചേറ്റൂര്‍ ശങ്കരന് നായരെ തമസ്ക്കരിക്കുവാന്‍ കാരണം.
ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങള്‍, മംഗള്‍ പാണ്ഡേയുടെയും, ഝാന്‍സി റാണി ലക്ഷ്മീബായ്യുടെയും, താന്തിയോ തോപ്പിയുടെയും, റാവു സാഹിബിന്റെയും നേതൃത്വത്തിലുള്ള ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ എരിയുമ്പോള്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള മദ്രാസ് പ്രവിഷ്യയില്‍, ഇന്നത്തെ പാലക്കാട് ജില്ലയിലെ മങ്കരയിലുള്ള ചേറ്റൂര്‍ തറവാട്ടില്‍, 1857 ജൂലായ് 15-ന് മന്മയില്‍ രാമുണ്ണിപ്പണിക്കര്ക്കും ചേറ്റൂര്‍ പാര്‍വ്വതിയമ്മക്കും ഒരു ആണ് കുഞ്ഞ് ജനിച്ചു, അതാണ് ഇന്ത്യന്‍ രാഷ്ട്രീയ – നയതന്ത്ര ശ്രേണിയില്‍ ശോഭ പരത്തി നീണ്ടു പോകുന്ന, അതിവിപുലമായ ശൃംഖലയിലെ ആദ്യ കണ്ണിയായ സര് ചേറ്റൂര്‍ ശങ്കരന് നായര്‍.
ജന്മനാട്ടില് നിന്നും സംസ്കൃതവും, കളരിയും പരിശീലിച്ച ശങ്കരന് നായര്‍ കോഴിക്കോടും മദ്രാസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദവും, മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ ചേറ്റൂര്‍ ശങ്കരന് നായര്‍, 1880 ല്‍ തന്റെ ഇരുപത്തി മൂന്നാമത്തെ വയസില്‍ മദ്രാസ് ഹൈകോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഭാരതത്തില്‍ തഹസില്‍ദാരുടെ പദവിക്ക് മുകളില്‍ ഒരു ഭാരതീയന് എത്തിയിട്ടില്ലാത്ത കാലത്താണ്, 1899 ല്‍ മദിരാശി പ്രൊവിന്‍സിന്റെ അഡ്വക്കേറ്റ് ജനറലായതും, പിന്നീട് 1908 ല്‍ പ്രസിഡന്‍സി ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപനായി മാറിയതും.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തിനുള്ളിലെ ഉയര്‍ന്ന പദവികള്‍ വഹിക്കുമ്പോള്‍ തന്നെ അക്ഷീണം പ്രയത്നിച്ച ഒരു ദേശീയ നേതാവായിരുന്നു ശങ്കരന് നായര്‍. മദ്രാസ് സര്‍ക്കാരിന്റെ വിദേശമദ്യ നയങ്ങള്‍ മൂലം ദാരിദ്ര്യത്തിലായ മലബാറിലെ തൊട്ടുകൂടാത്തവരായ കള്ളു ചെത്ത് തൊഴിലാളികളെ സംഘടിപ്പിച്ച്, 1894 ല്‍ അയ്യായിരത്തോളം പേര് പങ്കെടുത്ത ഐതിഹാസികമായ സമരം നയിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വരുന്നത്. ഒരു പക്ഷേ മലയാളി കണ്ട ആദ്യത്തെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനം ഇതായിരിക്കാം, എന്നാല്‍ അന്ന് ചേറ്റൂര്‍ ശങ്കരന് നായര്‍ മദ്രാസ് നിയമസഭയില്‍ ഒരു അംഗമായിരുന്നു എന്നത് മറ്റൊരു ചരിത്ര വസ്തുതയാണ്.
മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കൈവരിച്ച ചേറ്റൂര്‍ ശങ്കരന് നായരെ കാലം വിസ്മരിക്കുമ്പോഴും, ചരിത്രത്തിന്റെ ശേഷിപ്പുകളില്‍ മായാതെ കിടപ്പുണ്ട് അദ്ദേഹത്തിന്റെ കര്‍മ്മപഥങ്ങള്‍. മദ്രാസ് സര്‍ക്കാറിന്റെ മരുമക്കത്തായം പിന്തുടരുന്ന മലബാറിലെ ജനവിഭാഗങ്ങളിലെ, വിവാഹങ്ങള്‍ക്കുള്ള മലബാര്‍ മാര്യേജ് ആക്റ്റ് എന്ന നിയമ നിര്‍മാണത്തിന് 1896 ല്‍ മുന്‍കൈയെടുത്തത് ശങ്കരന് നായരായിരുന്നു. മദ്രാസ് സര്‍ക്കാരിന്റെ മലബാര്‍ അന്വേഷണ കമ്മിറ്റിയംഗം, ഇന്‍ഡ്യന്‍ യൂണിവേഴ്സിറ്റി കമ്മീഷന് അംഗം, സൈമണ്‍ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്‍ഡ്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍, തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ പോരാട്ടം നടത്തിയ ചേറ്റൂര്‍ ശങ്കരന് നായര്‍, 1897 ല്‍ അമരാവതിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ അദ്ധ്യക്ഷനായി. അന്നോളം വടക്കേ ഇന്ത്യക്കാര്‍ മാത്രം അടക്കിവാണ ആ ദേശീയ സംഘടനയുടെ അദ്ധ്യക്ഷ പദവിയില്‍, സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചെറുപ്രായത്തില്‍ തന്നെ എത്തിയ എക മലയാളിയാണ് ചേറ്റൂര്‍ ശങ്കരന് നായര്‍. ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി മന്ത്രിസഭയിലെത്തിയ ആദ്യ മലയാളിയായ ചേറ്റുര്‍ ശങ്കരന് നായരെ, 1904-ല്‍ കമാന്‍ഡര്‍ ഓഫ് ഇന്‍ഡ്യന്‍ എമ്പയര്‍ എന്ന ബഹുമതിയും, 1912-ല്‍ സര് പദവിയും നല്കി ആദരിച്ചിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍.
വിദേശ മേധാവിത്വത്തെ വിമര്‍ശിക്കുകയും സൈമണ്‍ കമ്മിഷന് മുമ്പില്‍ ഭാരതത്തിന് പുത്രികാരാജ്യ പദവി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സര് ചേറ്റൂര്‍ ശങ്കരന് നായര്‍, 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌണ്സിലില് നിന്നു രാജി വച്ചു. ജാലിയന്‍ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ക്രൂരമായ മാര്‍ഷല്‍ നിയമങ്ങള്‍ നടപ്പാക്കിയ, ലഫ്റ്റനന്റ് ഗവര്‍ണര്‍ സര് മൈക്കിള്‍ ഫ്രാന്‍സിസ് ഒ. ഡയറിനെതിരെ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിച്ചു ആ ദേശസ്നേഹി. ഇക്കാലത്തും ചേറ്റൂര്‍ ശങ്കരന് നായരുടെ സെക്രട്ടറിമാരായും, പരിചാരകരായും പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹാത്മ്യം തെളിയിക്കുന്നു.
ഗാന്ധി യുഗത്തിന്റെ പ്രാരംഭത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നും അകന്ന ചേറ്റുര്‍ ശങ്കരന് നായര്‍, പുത്രികാ രാജ്യപദവി സംബന്ധിച്ച് വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു ശങ്കരന് നായര്‍. ഭരണഘടന അധിഷ്ഠിത മാര്‍ഗങ്ങളില്‍ നിലയുറപ്പിച്ച ആ നയതന്ത്രഞ്ജന്, ഗാന്ധിജി വിഭാവനം ചെയ്ത നിസഹകരണ പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും, സ്വാതന്ത്ര സമരങ്ങളിലേക്ക് ഖിലാഫത്ത് സമരങ്ങളെ ബന്ധിപ്പിച്ചതിനെയും, ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് ‘ ഗാന്ധി ആന്‍ഡ് അനാര്‍ക്കി ‘ എന്ന പേരില്‍ എഴുതിയ ഗ്രന്ഥത്തില്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന ആശയമാദ്യം മുന്നോട്ട് വച്ചത് ശങ്കരന് നായരായിരുന്നു.
ഇതിഹാസ തുല്യമായ എഴുപത്തിയേഴ് വര്‍ഷത്തെ പകരക്കാരനില്ലാത്ത സംഭവബഹുലമായ ശങ്കരന് നായരുടെ ജീവിത യാത്രയില്‍, 1932 ല്‍ മദ്രാസ് സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. 1934 ഏപ്രില്‍ 24 ന് വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ മദ്രാസില്‍ വെച്ച് അന്തരിച്ച ആ പുണ്യാത്മാവ്, ജന്മനാട്ടിലെ നിളാനദിയുടെ തീരത്തെ ഒരു സ്മാരക ശിലക്കടിയില് അന്ത്യവിശ്രമത്തിലാണ്. ഇന്നത്തെ തലമുറ അറിയാതെ പോയ നീതിയുടെ ആള്‍രൂപമായ ചരിത്ര പുരുഷന് സര് ചേറ്റൂര്‍ ശങ്കരന് നായരുടെ ജീവിതം സിനിമയാകുന്നു. ചേറ്റൂര്‍ ശങ്കരന് നായരുടെ കൊച്ചുമകന് രഘു പാലാട്ട് -ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ, 2019 ഒക്ടോബര്‍ 19 ന് കൊച്ചിയില്‍ പ്രകാശനം ചെയ്ത ‘ദ കേസ്? ദാറ്റ് ഷൂക്ക് ദ എംപയര്‍’ എന്ന പുസ്തകത്തില്‍ നിന്നാണ് തിരക്കഥ.
ബോളിവുഡ് ചലച്ചിത്ര സംവിധായകനും, നിര്‍മ്മാതാവും, ടെലിവിഷന്‍ അവതാരകനുമായ കരണ്‍ ജോഹര്ന്റെ ഉടമസ്ഥതയിലുള്ള, ബോളിവുഡിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുക. കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സി ശങ്കരന് നായര്‍ എന്നാണ് പേരിട്ടിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം കേരളം, തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിലായി ഉടന്‍ ആരംഭിക്കുമെന്നും, അഭിനേതാക്കളെയും മറ്റു സാങ്കേതിക വിദഗ്ധരെയും കുറിച്ചുള്ള വിശദാംശങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ് കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയായിലൂടെ അറിയിച്ചിട്ടുള്ളത്.
ഒറ്റപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചേറ്റൂര്‍ ശങ്കരന് നായര്‍ ഫൗണ്ടേഷന്റെ ശ്രമഫലമായി, 2001 ജൂലായ് 6 ന് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പാണ് അവഗണനയുടെ ചരിത്രത്തിലെ ഏക അപവാദം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന കാലഹരണം നേരിടുന്ന ദേശീയ പ്രസ്ഥാനത്തിലെ, അധികാരത്തിന്റെ അപ്പ കഷണത്തിന് വേണ്ടി നിഴല്‍ യുദ്ധം നടത്തുന്ന ഇന്നത്തെ തലമുറക്ക്, ഈ അഭ്രകാവ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ഒരു പാഠപുസ്തകമാകുമെന്ന് പ്രത്യാശിക്കാം.
തെയ്യാറാക്കിയത്:
പ്രസാദ് കെ ഷൊര്‍ണൂര്‍


