ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്കി. സഹോദരന് ഷോവിക് ചക്രവര്‍ത്തിയുടെ അപേക്ഷ കോടതി തള്ളി. റിയയ്ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം. പാസ്പോര്‍ട്ട് കോടതിക്ക് കൈമാറണം. കോടതി അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. അടുത്ത പത്ത് ദിവസം അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണം എന്നിവയാണ് വ്യവസ്ഥകള്‍.
സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്തിനും സാമുവേല്‍ മിറാന്‍ഡയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 50,000 രൂപയുടെ ജാമ്യബോണ്ടും പാസ്പോര്‍ട്ടും കെട്ടിവയ്ക്കണം.
സെപ്റ്റംബര്‍ എട്ടിനാണ് നാര്‍ക്കോടിക്സ് കണ്ട്രോള് ബ്യൂറോ റിയാ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുന്നത്. മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ ആക്ടീവ് മെമ്പറാണെന്ന് ആരോപിച്ചായിരുന്നു റിയയുടെ അറസ്റ്റ്. അമേല്ക്കോടതിയില് അപ്പീല്‍ നല്‍കുന്നതിന് ഒരാഴ്ചത്തേക്ക് ഉത്തരവ് മരവിപ്പിക്കണമെന്ന നാര്‍കോട്ടിക്സ് ബ്യൂറോയുടെ ആവശ്യം കോടതി തള്ളി.


