തിരുവനന്തപുരം: പത്ത് വര്‍ഷത്തോളം സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇത് സംംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു. ലെനിന് രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസം പിന്നിടെ ആയിരുന്നു നയനയുടെ മരണം.
കഴുത്ത് ഞെരിഞ്ഞതിനാല്‍ ആണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. അന്ന് പൊലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന മുറിവും മറ്റ് ക്ഷതങ്ങളും രേഖപ്പെടുത്താതിരുന്നത് ദുരൂഹമാണന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താതായതോടെ, നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി. എന്നാല്‍ നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നതും സംശയമുളവാക്കുന്നു.
വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന നയന ആത്മഹത്യ ചെയ്തതാകാം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹ രോഗിയായിരുന്ന സംവിധായിക, ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഫോണ്‍വിളിച്ച് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് നയനയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലന്നാണ് ആര്‍ഡി ഓഫീസ് നല്കുന്ന വിവരം. എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരവധി പരിക്കുകള്‍
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള മുറിവുകള്‍ കഴുത്തില്‍ ഉണ്ടായിരുന്നു. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ക്രോസ് റോഡ്’ എന്ന ആന്തോളജി ചിത്രത്തില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നയന ഉണ്ടായിരുന്നു.


