വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിയുടെ കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ വീട്ടുകാരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.
കുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലയങ്ങളുടെ ശോചനീയാവസ്ഥയും ഇവിടങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും അരക്ഷിതാവസ്ഥയും പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, കേസിലെ പ്രതി അർജുൻ്റെ കസ്റ്റഡി കാലാവധി അവസാനിച്ചു.കസ്റ്റഡി കാലാവധിയിൽ പ്രതിയെ രണ്ട് തവണ സംഭവ സ്ഥലത്ത് എത്തിച്ചു പരമാവധി തെളിവുകൾ ശേഖരിക്കാനായെന്ന് പൊലീസ് പറഞ്ഞു. 25ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്.


