വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം. കേസിലെ പ്രതി അർജുൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തിനിടയിൽ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്ന് പോലീസ് പറഞ്ഞു.
രണ്ടുതവണ പ്രതിയെ കസ്റ്റഡി കാലാവധിയിൽ കൊലപാതകം നടന്ന ലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 25ഓളം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയും സഹായം കൊലപാതകത്തിൽ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തൽ. മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കും.
കഴിഞ്ഞ മാസം 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. ഇയാളുടെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.


