കേരളത്തിലെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് പിന്മാറരുതെന്ന് വ്യവസായി എം.എ. യൂസഫലി. സര്‍ക്കാരും കിറ്റെക്സ് അധികൃതരും ചര്‍ച്ച നടത്തി സമവായത്തിലെത്തണമെന്നും യൂസഫലി അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപെട്ട് സാബു എം. ജേക്കബുമായി സംസാരിക്കും. ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികള്‍ കേരളത്തിനു പുറത്തു പോകുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും യൂസഫലി പറഞ്ഞു.
അതേസമയം, കിറ്റക്സ് വിവാദത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. വ്യവസായ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ കമ്പനിയിലെത്തി ചെയര്മാന് സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പിന്നാലെ വീണ്ടും നോട്ടീസ് നല്‍കിയെന്ന് കിറ്റക്സ് ആരോപിച്ചു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ വ്യവസായ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂവായിരത്തിയഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുന്നുവെന്ന കിറ്റക്സ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുനയ നീക്കം തുടങ്ങിയത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് എറണാകുളം ജില്ലാ ജനറല്‍ മാനേജര്‍ ബിജു പി.എബ്രഹാമും, മാനേജര്‍ എസ്.ഷീബയും കിറ്റക്സിലെത്തി സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി.
കമ്പനിയില്‍ തുടര്‍ച്ചയായി പരിശോധന നടത്തി ദ്രോഹിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സാബു എം.ജേക്കബ് ആരോപിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസിറക്കുകയാണ്. ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ തെളിയിക്കാം. വിവിധ നിയമ പ്രകാരം എഴുപത്തിയാറ് ചട്ടലംഘനങ്ങളുണ്ടെന്ന നോട്ടീസ് ഇന്നലെ നല്‍കിയെന്നും സാബു ആരോപിച്ചു.
ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റക്സ് തിരിച്ചു വരണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മിന്നല്‍ പരിശോധനകള്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.