കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2021 വര്‍ഷത്തെ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കുള്ള കെഎസ് പിള്ള സ്മാരക പുരസ്കാരത്തിന് സുധീര്‍നാഥ് അര്‍ഹനായി. തന്റെ ഗുരുനാഥന്റെ സ്മരണയ്ക്ക് കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കെഎസ് പിള്ള അവാര്‍ഡ്. 5001 രൂപയും പ്രശസ്തി പത്രവും, ശില്‍പ്പവുമാണ് പുരസ്കാരം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ വരയ്ക്കുന്ന സുധീര്‍നാഥ് കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ സെക്രട്ടറിയാണ്.
മലയാള മാധ്യമങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക് പ്രാധാന്യം നല്കുന്നതില് കെഎസ് പിള്ള വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. ഒരേ ദിവസം അഞ്ച് പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു എന്ന അപൂര്‍വ്വതയും കെഎസ് പിള്ളയ്ക്കുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമി രക്ഷാധികാരി കൂടിയായ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ തന്നെയാണ് കാര്‍ട്ടൂണ്‍ അക്കാദമി വാര്‍ഷിക പൊതു യോഗത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
മലയാള മാധ്യമങ്ങളിലെ കാര്‍ട്ടൂണുകളെ കുറിച്ചുള്ള ഗവേഷണത്തിന് 2019 ല്‍ മീഡിയ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ശതാബ്ദി പിന്നിട്ട മലയാള കാര്‍ട്ടൂണിന്റെ ചരിത്രം പറയുന്ന വരയും കുറിയും, കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ ഉള്‍പ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കേന്ദ്ര മന്ത്രിയായിരുന്ന പി.എം. സെയ്ദിന്റെ പ്രസ് സെക്രട്ടറിയായിരുന്നു.
ഓള് ഇന്ത്യ മലയാളി അസോസിയേഷന്, ഡിഎംസി ഇന്ത്യ, സ്വരലയ ഉള്‍പ്പടെ നിരവധി സംഘടനകളുടെ നിര്‍വ്വാഹക സമിതി അംഗമായ സുധീര്‍നാഥ് കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനത്തിലും സജീവമാണ്. കേരളത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഡിഎംസി ഇന്ത്യ നടപ്പാക്കി ശ്രദ്ധേയമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ സൗജന്യ സേവനമായ പ്രാണവായു പ്രോജക്റ്റിന്റെ ഭാഗമായിരുന്നു. തൃക്കാക്കര നാഥ് മന്ദിരത്തില്‍ പരേതനായ ഡോ: ബാബു നാഥിന്റേയും, ഐകെ കാര്‍ത്ത്യായിനിയുടേയും മകനാണ്. ഭാര്യ ദീപ സുധീര്‍, മക്കള്‍ വിനായക് ബാബു, വേദ ബാബു.


