എറണാകുളം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠന സഹായിയായി കളക്ടര്‍ ലാപ്ടോപ് നല്കി. നിലംപതിഞ്ഞി മുകള്‍ മനക്കപറമ്പില്‍ വീട്ടില്‍ ഷാജി- ബിന്ദു ദമ്പതികളുടെ മകനായ അര്ജുന് ഷാജിക്കാണ് ലാപ് ടോപ് കൈമാറിയത്. നിര്‍ധന കുടുംബാംഗമായ അര്ജുന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ പഠിക്കാന്‍ മാര്‍ഗമില്ലാതിരുന്നതിനാല്‍ കളക്ടര്‍ക്ക് ലാപ്ടോപിനായി അപേക്ഷ നല്‍കുകയായിരുന്നു.
പിതാവ് ഷാജി ഇലക്ട്രീഷ്യനാണ്. ലോക്ക് ഡൗണ്‍ വന്നതോടെ ജോലി ഇല്ലാതായ ഷാജി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടെയാണ് മകന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പഠിക്കാന്‍ മറ്റു മാര്‍ഗമില്ലാതിരുന്ന അര്ജുന് കൂട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച മൂന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിച്ചു. ക്ലാസില്‍ പങ്കെടുക്കാന്‍ നിര്വാഹമില്ലാതിരിക്കെയാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ സഹായമെത്തിയത്. കളക്ടറുടെ ചേംബറിലെത്തി അര്ജുന് ലാപ്ടോപ് ഏറ്റുവാങ്ങി.
ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇ.വൈ.ജി.ഡി.എസ് കമ്പനിയാണ് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ജില്ലാ ഭരണകൂടത്തിന് ലാപ്ടോപുകള് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിന് 38 ലാപ് ടോപുകളാണ് നല്‍കിയത്. ഡപ്യൂട്ടി കളക്ടര്‍ പി.ബി. സുനിലാലിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ കൈമാറി.