ആലുവ: റയില്‍വേ സ്റ്റേഷനില്‍ യുവതിയെ ഒരുകിലോ എം ഡി എം എ യുമായി പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് താഴകത്ത് വീട്ടില്‍ സഫീര്‍ (35) നെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും, ആലുവ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബംഗലൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26) നെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് മയക്ക്മരുന്ന് വാങ്ങുന്നതിന് എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ് ഇയാള്‍. മലഞ്ചരക്ക് വ്യാപാരിയാണ്. യുവതിയുമായുള്ള ബന്ധം പോലീസ് പരിശോധിച്ച് വരുന്നു.
ആദ്യം എറണാകുളത്ത് ഇറങ്ങാനായിരുന്നു യുവതിയുടെ തീരുമാനം. പിന്നീടതിന് മാറ്റം വരുത്തി ആലുവയില്‍ ഇറങ്ങുകയായിരുന്നു. സഫീറിന് കൈമാറാനായിരുന്നു പരിപാടി. ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്. വിപണയില്‍ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും കണ്ടെടുത്ത രാസലഹരിയ്ക്ക്. വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്പന .
ഡല്‍ഹിയില്‍ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി വി. അനില്‍, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇന്‍സ്പെക്ടര്‍ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാല്‍, കെ.നന്ദകുമാര്‍ , എ.എസ്.ഐ വിനില്‍കുമാര്‍ , സീനിയര്‍ സി പി ഒ മാരായ അജിത തിലകന്, പി.എന്‍ നൈജു ., ദീപ്തി ചന്ദ്രന് , മാഹിന്‍ഷാ അബൂബക്കര്‍, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഓപ്പറേഷന് ക്ലീനിന്റെ ഭാഗമായി ആറ് മാസത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ നിന്ന് മൂന്നു കിലോയിലേറെ രാസലഹരിയാണ് പിടികൂടിയത്. ഇതിന് രണ്ട് കോടിയിലേറെ രൂപ വില വരും. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലാണ് വില്‍പ്പന. പ്രധാന മയക്കുമരുന്ന് വ്യാപാരിയായ കോംഗോ സ്വദേശി റംഗാര പോളിനെ കഴിഞ്ഞ മെയ് മാസം ബംഗലൂരു മടിവാളയില്‍ നിന്ന് എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയിരുന്നു.