കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വാഹനാപകടവുമായി സ്വര്‍ണക്കടത്ത് സംഘത്തിന് ഉള്ള ബന്ധം അന്വേഷിക്കുകയാണ് പൊലീസ്. സ്വര്‍ണക്കവര്‍ച്ച സംഘത്തിലെ രണ്ട് പേര്ക്കായിയുള്ള അന്വേഷണവും കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ സംഘത്തെക്കുറിച്ചുമാണ് അന്വേഷണം തുടങ്ങിയത്. അതേസമയം, മൂന്ന് കാറുകളിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കൊടുവള്ളിയില്‍ നിന്നുള്ള സംഘമെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ എട്ടുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം വാങ്ങാനാണ് ഇവര്‍ എത്തിയത്.15 അംഗ സംഘത്തിലെ എട്ടുപേരെ ഇന്നലെ പിടികൂടിയിരുന്നു ബാക്കിയുള്ളവരെ കണ്ടെത്താനുള്ള അന്വേഷണമാണ് നടത്തിവരുന്നത്. ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊയ്തീന് എന്നായാളാണ് ദുബായില്‍ നിന്നും കൊടുവള്ളിയിലെ സംഘത്തിന് വേണ്ടി സ്വര്‍ണം എത്തുന്ന വിവരം കവര്‍ച്ചാ സംഘത്തെ അറിയിക്കുന്നത്, ഇയാളെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
സ്വര്‍ണവുമായി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായ മലപ്പുറം മൂര്‍ഖനാട് സ്വദേശി ഷഫീഖ്, കണ്ണൂര്‍ സ്വദേശിയായ അര്ജുന് എന്നയാളെ ഫോണ്‍ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും പൊലീസ് തിരയുന്നുണ്ട്. കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ഇയാളും ഉണ്ടായിരുന്നു എന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായാണ് പൊലീസിൻ്റെ സംശയം. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
ഇന്നലെ പുലര്‍ച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു


