കൊട്ടാരക്കര: എം.സി റോഡില്‍ കൊട്ടാരക്കര പനവേലിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. വന്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സമീപവാസികളെ ഒഴിപ്പിച്ചു. പനവേലി കൈപ്പള്ളിമുക്കില്‍ പുലര്‍ച്ചെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ടാങ്കര്‍ വൈദ്യുതി പോസ്റ്റും മരങ്ങളും പരസ്യ ബോര്‍ഡുകളും തകര്‍ത്തു റോഡരികിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകള്‍ എത്തി ടാങ്കറിനുമേല്‍ വെള്ളമൊഴിച്ച് അപകട സാധ്യത കുറയ്ക്കുകയായിരുന്നു..
ഗതാഗതം തിരിച്ചു വിട്ടു
അപകടത്തെ തുടര്‍ന്ന് എം.സി.റോഡില്‍ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സദാനന്ദപുരത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വെട്ടിക്കവല, ചിരട്ടക്കോണം വഴി മേഴ്സി ഹോസ്പിറ്റലിന് സമീപത്തുനിന്ന് എം.സി. റോഡിലേക്ക് കടക്കണം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മേഴ്സി ആശുപത്രിക്ക് സമീപത്തുനിന്ന് ഇതേ വഴി ഉപയോഗിക്കണം. ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.