കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ മരണത്തില്‍ നിര്‍ണായക നീക്കങ്ങളിലേക്ക് കടന്ന് പൊലീസ്. ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച യുവതികളുടെ ഉറ്റ സുഹൃത്തായിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിരലടയാള വിദഗ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ഫ്യൂനറല്‍ ഹോമിലേക്ക് മാറ്റുമെന്നാണ് വിവരം.
തൃശൂര്‍ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന്‍ മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂര്‍ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കള്‍ക്ക് അവര്‍ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ സുഹൃത്തും അയല്‍വാസിയുമായ കോട്ടയം സ്വദേശിനി അനില അമിത വേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഈ മുറിയില്‍ നിന്ന് തന്നെ കത്തിയും കണ്ടെടുത്തതായി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നു.
തൃശൂര്‍ സ്വദേശി അഞ്ജനയുടെ മൃതദേഹം പാര്‍ക്കിങ് സ്ഥലത്തും ആന്‍ മരിയ മാത്യുവിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റ നിലയിലുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ പാര്‍ക്കിങ് സ്ഥലത്ത് അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഇടിപ്പിച്ച ശേഷം ഒരു യുവതി വാഹനമോടിച്ച് പോയതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് എത്തിയപ്പോഴാണ് ആന്‍ മേരി മാത്യുവിനെ ഫ്ലാറ്റിലെ മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും സുഹൃത്ത് കോട്ടയം സ്വദേശി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

