മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ വ്യാപാര മേഖലയ്ക്ക് പുതിയ മുഖം നല്കി മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന് സംഘടിപ്പിച്ച മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വന്‍ വിജയമായി. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ നിസാന്‍ മാഗ്നറ്റ് കാര്‍ ബഹു. സാമൂഹിക സുരക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.എ. അബ്ദുല്‍ ഗഫൂര്‍ ഭാഗ്യശാലിക്ക് കൈമാറി.
വെറുമൊരു കച്ചവടോത്സവത്തിനപ്പുറം, മൂവാറ്റുപുഴയിലെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പാലം തീര്‍ത്ത ഫെസ്റ്റിവലാണ് അസോസിയേഷന് ഒരുക്കിയത്. മേഖലയിലെ ഏറ്റവും വലിയ സമ്മാന പദ്ധതികളില്‍ ഒന്നായാണ് ബംപര്‍ കാര്‍ സമ്മാനം വിലയിരുത്തപ്പെടുന്നത്.
അസോസിയേഷന് പ്രസിഡന്റ് അജ്മലിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, ഭാരവാഹികളുടെ അക്ഷീണ പ്രയത്നമാണ് ഫെസ്റ്റിവലിനെ ഈ നേട്ടത്തിലെത്തിച്ചത്. മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, വൈസ് ചെയര്മാന് പി.എം. അബ്ദുല്‍സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജിനു മടയ്ക്കല്‍, അസം ബീഗം ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കലൂര്‍, ട്രഷറര്‍ കെ.എം. ഷംസുദ്ദീന്, വൈസ് പ്രസിഡന്റ് മഹേഷ് എച്ച്. കമ്മത്ത്, സെക്രട്ടറിമാരായ ബോബി എസ്. നെല്ലിക്കല്‍, ജയ്സണ്‍ തോട്ടത്തില്‍, യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ്, ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് പ്രസിഡന്റ് മുഹമ്മദ് റാഫി, വനിതാ വിംഗ് പ്രസിഡന്റ് ജയ ബിജു എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴയിലെ വ്യാപാരി കൂട്ടായ്മയുടെ ശക്തിയും ഒരുമയുമാണ് ഈ വിജയം തെളിയിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

