പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. മാസ്ക് വയ്ക്കാതെ ആശുപത്രിയില്‍ പ്രവേശിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്കും സെക്യൂരിറ്റിക്കും മര്‍ദനമേറ്റത്. കയ്യേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
പരുക്കേറ്റ വ്യക്തിയുടെ കൈ തുന്നികെട്ടുന്നതിനിടയ്ക്ക് ഒപ്പം എത്തിയവര്‍ മാസ്ക് ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കുന്നത് സെക്യൂരിറ്റി ചോദ്യം ചെയ്തതാണ് ആറംഗ സംഘത്തെ പ്രകോപിപ്പിച്ചത്. ശബ്ദം കേട്ടെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സനൂജും ഇവര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. വാക്കേറ്റത്തിന് പിന്നാലെ ഡോക്ടറേയും സെക്യൂരിറ്റിയേയും രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ കൈയേറ്റം ചെയ്തു. മര്‍ദനമേറ്റ് ഡോക്ടര്‍ നിലത്തു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഘം മദ്യപിച്ചിരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുല്‍, സജിന്‍, ശംഭു, വിജയ് എന്നിവരെ അറസ്റ്റു ചെയ്തു. രണ്ടു പേരെ കൂടി പിടികൂടാനുള്ളതായി പാറശാല പൊലീസ് അറിയിച്ചു.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം മുന്നറിയിപ്പ് നല്കി. ഒപി ബഹിഷ്കരണമടക്കം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികളെ പിടികൂടിയതോടെ തീരുമാനം മാറ്റി.


