കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിൻ്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്താമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആധ്യാത്മികരംഗത്ത് നേതൃത്വപരമായ പങ്കുവഹിച്ചതിനൊപ്പം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സഹായകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കി. കാന്‍സര്‍ രോഗികള്‍ക്കുള്ള സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ അനേകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നൂറു കോടി രൂപ ചെലവിട്ട് നിര്‍മിച്ച പരുമല കാന്‍സര്‍ സെന്റര്‍ തിരുമേനിയുടെ ഇച്ഛാശക്തിയിലൂടെയാണ് യാഥാര്‍ത്ഥ്യമായത്. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്ക് പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്കുനല്കിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
ഓർത്തഡോക്സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതിൽ പരമാദ്ധ്യക്ഷനെന്ന നിലയിൽ പ്രശംസാർഹമായ നേതൃത്വമാണ് തിരുമേനി നൽകിയിട്ടുള്ളത്. ആത്മീയജീവിതത്തിൻ്റെ മാതൃകയായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പ്രതീകമായിരുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവയുടെ നിര്യാണത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി എൻ വാസവൻ അനുശോചനം രേഖപ്പെടുത്തി.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിയോസ് പ്രഥമൻ ബാവയുടെ പിൻഗാമിയായാണ് ഓർത്തഡോക്സ് സഭാധ്യക്ഷനായി ചുമതല ഏൽക്കുന്നത്. എം എൽ എ എന്ന നിലയിൽ മുഴുവൻ സമയവും ഈ ചടങ്ങിൾ പങ്കെടുത്തതും, തുടർന്ന് ദേവലോകത്ത് എത്തി അരമനയിൽ സ്ഥാനമേൽക്കുമ്പോൾ എം എൽ എ എന്ന നിലയിൽ സ്വീകരിച്ചതും ഈ അവസരത്തിൽ സ്മരിക്കുന്നു.
പരിശുദ്ധ കത്തോലിക്ക ബാവയായി സ്ഥാനമേറ്റതിനു ശേഷം തന്റെ പ്രവർത്തനങ്ങളിലൂടെ ആത്മീയ ചൈതന്യതയുടെ അത്യുന്നതങ്ങളിലേക്ക് വിശ്വാസി സമൂഹത്തെ നയിച്ചതു പോലെ തന്നെ ഭൗതീക ജീവിതത്തിൻ്റെ നാനാ മേഖലകളിലും ഇടപെട്ട് ജനങ്ങളെ സഹായിച്ചിരുന്നു.
“സ്നേഹ സ്പർശം” പോലുള്ള പദ്ധതികൾ സഭയിൽ ആവിഷ്കരിച്ച് പിന്നോക്കം നിൽക്കുന്ന പാവങ്ങളെ മുന്നോക്കം കൊണ്ടുവരാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. അനാഥ മന്ദിരങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി അവയെ പരിപോഷിപ്പിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മഹത് വ്യക്തിത്വ ത്തിന് ഉടമയായിരുന്നു. മത സൗഹാർദ്ദത്തിൻ്റെ പ്രതീകമായി നിലകൊള്ളാൻ കഴിഞ്ഞത് ഏവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ലാളിത്യമാർന്ന ജീവിതശൈലിയും വശ്യമനോഹരമായ പെരുമാറ്റവും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. തിരുമേനിയുടെ വേർപാട് സഭയ്ക്കും വിശ്വാസി സമൂഹത്തിനും തീരാ നഷ്ടമാണ്. ഈ വിയോഗത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തി.
സാധാരണക്കാരുടെ ജീവിതത്തെ അടുത്തറിയുകയും അശരണരുടെ കണ്ണീരൊപ്പുകയും ചെയ്ത അദ്ദേഹത്തിൻ്റെ നിര്യാണം കേരളത്തിന് വലിയ നഷ്ടമാണ് എന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സഭാംഗങ്ങളുടെ ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് കാതോലിക്കാ ബാവ കാലം ചെയ്തതോടെ നഷ്ടമാകുന്നത് മാനവികതയുടെ മഹാ ഇടയനെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
കാഴ്ച്ചപ്പാടിലും കര്‍മമേഖലയിലും തികച്ചും വ്യത്യസ്തമായിരുന്ന ബാവ തിരുമേനിയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിൻ്റെ പരിസമാപ്തിയാണ്. ഉന്നതമായ ദാര്‍ശനികതയും ഉദാത്തമായ ചിന്തയും ധന്യമാക്കിയ ആത്മീയ ജീവിതമാണ് അദ്ദേഹത്തിൻ്റെത്. നന്മയും സ്നേഹവും, കാരുണ്യവും മുഖമുദ്രയാക്കിയ അദ്ദേഹം വേദനിക്കുന്നവരുടെ കണ്ണീരൊപ്പി. ഭാരം താങ്ങുന്നവര്‍ക്ക് ആശ്വാസമായി എന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി.
സമർപ്പണത്തോടെ ആത്മീയ ദൗത്യം നിർവഹിച്ച പുരോഹിത ശ്രേഷ്ഠനെയാണ് സഭക്ക് നഷ്ടമായിരിക്കുന്നത്.
ഭൗതിക സാന്നിധ്യം അസ്തമിച്ചുവെങ്കിലും ആത്മീയ ജ്യോതിസായി എന്നും വഴികാട്ടുമെന്നും ജോസ് കെ മാണി പറഞ്ഞു സഭയുടെയും വിശ്വാസ ലോകത്തിൻ്റെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
കാലംചെയ്ത പൗലോസ് ദ്വീതീയന്‍ കാത്തോലിക്ക ബാവ തിരുമേനി കാത്തോലിക സഭയിലും സമൂഹത്തിലും സമുന്നതസ്ഥാനം അലങ്കരിച്ചിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു വെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. അദ്ദേഹവുമായി ദീര്‍ഘകാലത്തെ സൗഹൃമാണ് ഉള്ളത്. നിരവധി വേദികളില്‍ ഒരുമിച്ച് പങ്കെടുക്കുകയും മതേതരമായ നിലപാടുകളില്‍ തന്നെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. സഭയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കിയതു് വിപ്ലവകരമായ നടപടിയായിട്ടാണ് കാണപ്പെടുന്നത്. അശരണരായ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ സ്നേഹസ്പര്‍ശം പദ്ധതി ആരംഭിച്ച് അവര്യി ഹോസ്പിറ്റല്‍ ആരംഭിക്കുകയും ചെയ്തത് തിരുമേനിയുടെ സമൂഹത്തോടുള്ള കരുതലാണ്.
സമൂഹത്തില്‍ ഇന്ന് നടമാടുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധാവാന്മാരാക്കുന്നതിനുള്ള നടപടികള്‍ അങ്ങനെ നിരവധി കര്‍മ്മമണ്ഡലത്തില്‍ തിരുമേനി വ്യാപരിക്കുകയും അതിലൊക്കെ നിസ്തലമായ സംഭാവനകള്‍ നല്കിയതും ഈ അവസരത്തില്‍ അനുസ്മരണീയമാണ്. വളരെ സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും സഭയുടെ ഉന്നതതലത്തിലേക്ക് കഷ്ടപ്പാടിലൂടെയും ത്യാഗത്തിലുടെയും വളര്‍ന്നുവന്ന പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ ജീവിതം വളരെ പ്രചോദനമാണെന്നും സ്വാമി അനുസ്മരിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മതപുരോഹിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ നിര്യാണം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്. സഭാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.
ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ കോൺഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം. എൽ. എ. അനുശോചിച്ചു. കടന്നു വന്ന വഴികളിൽ ആത്മീയതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച മഹാ ഇടയനായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്ന് കെ. ബാബു പറഞ്ഞു.
കേരളത്തിൻ്റെ സംസ്കാരിക ഉന്നമനത്തിലുള്ള ബാവയുടെ സംഭാവനകൾ വിസ്മരിക്കാൻ കഴിയാവുന്നതല്ല. അശരണർക്കും പാവപ്പെട്ടവർക്കും സഹായ ഹസ്തവുമായി അദ്ദേഹം എന്നും ഉണ്ടായിരുന്നു. മത സ്വഹാർദം ഉയർത്തിപ്പിടിക്കാൻ ബാവ തൻ്റെ ജീവിതത്തിൽ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. എറണാകുളത്ത് ബാവ വൈദികനായിരിക്കെ അദ്ദേഹവുമായി നല്ല ആത്മബന്ധം പുലർത്തിയിരുന്നുവെന്നും കെ. ബാബു അനുസ്മരിച്ചു.
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്ന മാര്‍ പൗലോസ് ദ്വിതിയന്‍, വിശ്വാസികള്‍ക്കൊപ്പം സാധാരണക്കാരനായി ജീവിച്ച വ്യക്തിത്വമായിരുന്നു. സാമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹം സഭാതലത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. നൂറുകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘സ്നേഹസ്പര്‍ശ’വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നു.
സ്ത്രീകളെ സഭാഭരണത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായി തീരുമാനം കൈക്കൊണ്ടതും പൗലോസ് ദ്വിതീയന്‍ ബാവയാണ്. 2011-ല്‍ ഇടവകകളില്‍ പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പെടുത്തിയാണ് ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. മദ്യം, ലഹരിമരുന്ന് എന്നിവയ്ക്ക് എതിരെയും ശക്തമായ പ്രചാരണം ബാവ നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ നിന്നും സഭയുടെ അത്യുന്നത പദവിയില്‍ എത്തി സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച പൗലോസ് ദ്വിതീയന്‍ ബാവയുടെ നിര്യാണം മലങ്കര സഭയ്ക്കു മാത്രമല്ല കേരളത്തിനൊന്നാകെ തീരാനഷ്ടമാണ്.
നിഷ്ക്കളങ്ക ജീവിതത്തിലൂടെ സഭയ്ക്കും സമൂഹത്തിനും മാതൃകയായിരുന്ന വ്യക്തിയായിരുന്നു തിരുമേനിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആര്‍ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്നേഹവും പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു.
വളരെ അടുത്ത ബന്ധമായിരുന്നു തിരുമേനിയുമായിട്ടുണ്ടായിരുന്നത്. വ്യക്തി ബന്ധങ്ങൾക്ക് വലിയ മൂല്യം കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റെത്. കഴിഞ്ഞ ദിവസം രോഗാവസ്ഥയെക്കുറിച്ച് തിരക്കുന്നതിനായി പരുമല ഹോസ്പിറ്റലിൽ എത്തുകയും രോഗവിവരങ്ങളെക്കുറിച്ച് അന്വേക്ഷിക്കുകയും ചെയ്തിരുന്നു. രോഗമുക്തിയോടെ തൻ്റെ കർമ്മമേഖലയിൽ സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു സഭയും സമൂഹവും.
പ്രളയകാലത്ത് തിരുമേനിയുടെ നേതൃത്വത്തിൽ നടത്തിയ ദുരിത്വാശ്വാസ പ്രവർത്തനങ്ങളും സന്നദ്ധ സേവന പ്രവർത്തനങ്ങളും സ്മരണീയമാണ്. തിരുമേനിയുടെ വിയോഗത്തിൽ സഭയുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പാവപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബാവാ മനുഷ്യസ്നേഹത്തിൻ്റെ ഉദാത്തമായ അടയാളമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് എന്നും ഒരു കൈത്താങ്ങായി ബാവ അവരോടൊപ്പം നിലനിന്നിരുന്നു. സമത്വം എന്ന ആശയം മുറുകെ പിടിച്ച് അതിനു വേണ്ടി നിലകൊണ്ടിരുന്ന അദ്ദേഹം സഭാ ഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പാക്കിയത് ശ്രേഷ്ഠമായ നടപടിയായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം സമൂഹത്തിനാകെ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്യുന്നു.എന്ന് അദ്ദേഹം പറഞ്ഞു.


