പെരുമ്പാവൂര്‍: വല്ലം ഓള്‍ഡ് റോഡില്‍ പ്രളയത്തില്‍ നശിച്ചു പോയ റയോണ്‍ പുരം പാലം 2 കോടി 57 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ ചെയ്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഇതിനോടനുബന്ധമായി കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് പാലം നിര്‍മ്മിക്കുന്നതിനു വേണ്ടി പഴയ പാലം പൊളിച്ച് നിര്‍മ്മാണം ആരംഭിച്ച വേളയില്‍ ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് മൂലം പാലം നിര്‍മ്മിക്കാന്‍ പറ്റാത്ത സാഹചര്യം ആണ് ഉള്ളത്.
വെള്ളക്കെട്ട് മാറാതെ പാലം പണി ആരംഭിക്കുക സാധ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇതിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി താല്‍ക്കാലിക നടപ്പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുകയും ചീഫ് എഞ്ചിനീയര്‍ മനോ മോഹനനുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് എടുത്ത് താല്‍ക്കാലിക തടിപാലം നിര്‍മ്മിക്കുവാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദ്ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 30.06.2021 വൈകിട്ട് 4 മണിക്ക് എംഎല്‍എ ഓഫീസില്‍ ചേരുമെന്ന് അറിയിച്ചു.


