ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നീങ്ങുന്നതിനിടെ സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വരുന്ന തിങ്കളാഴ്ചക്ക് മുൻപ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. 56,70,350 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രണ്ടു കോടിയിലധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈയിലുണ്ട്. ഇതിനു പുറമെയാണ് അരക്കോടിയിലധികം വാക്സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതുവരെ 27.28 കോടി വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിച്ചു. വരുംദിവസങ്ങളില്‍ വാക്സിന് വിതരണം വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനം. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതുക്കിയ വാക്സിന് മാര്‍ഗനിര്‍ദേശം തിങ്കളാഴ്ച മുതല്‍ രാജ്യത്ത് നിലവില്‍വരും. ഡിസംബര്‍ മാസത്തോടെ എല്ലാ പൗരന്മാര്ക്കും വാക്സിന് നൽകാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


