മൂവാറ്റുപുഴയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ടീച്ചര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം നിലനിന്ന മണ്ഡലങ്ങളിലൊന്നായ മൂവാറ്റുപുഴയിലേക്ക് കോണ്‍ഗ്രസ് കണ്ടെത്തിയത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ദരവാഹിയും കെപിസിസി അംഗവുമായ ഡോളി ടീച്ചറിനെ. വനിത സ്ഥാനാര്‍ത്ഥി വേണമെന്ന മഹിള കോണ്‍ഗ്രസിന്റെ ആവശ്യം നേതൃത്വം അംഗീകരിച്ചതായാണ് വിവരം. ജോസഫ് വാഴക്കന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടും.
മൂവാറ്റുപുഴയില്‍ ഏറ്റവും ഒടുവിലായി മാത്യു കുഴല്‍നാടന്റെ പേരായിരുന്നു പുറത്ത് വന്നത്. എന്നാല്‍ ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ യാക്കോബായ വിഭാഗക്കാര്‍ക്ക് മാത്രം സീറ്റ് അനുവദിച്ചത് ചൂണ്ടിക്കാട്ടി കത്തലിക്സ് വിഭാഗത്തില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പുനപരിശോധിക്കുകയായിരുന്നു.
മഹിളാ കോണ്‍ഗ്രസിന് ജില്ലയില്‍ ഒരു സീറ്റ് വീതം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേത്യത്വം രാഹുല്‍- പ്രീയങ്ക ഗാന്ധി എന്നിവരെ സമീപിച്ചിരുന്നു. ഇതിന്റെ ഫലമായി കൂടിയാണ് ഡോളി ടീച്ചറിന്റെ സ്ഥാനാര്‍ത്ഥിത്തം. ആവോലിയില്‍ നിന്നുള ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു ഡോളി. പതിനാലായിരം വോട്ടിനാണ് ടീച്ചര്‍ ജില്ല പഞ്ചായത്തില്‍ ജയിച്ചത്. മുന്‍പ് മഞ്ഞള്ളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്നു. മികച്ച സംഘാടകയെന്ന നിലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച വനിതാ നേതാവ് കൂടിയാണ് ഡോളി. അതേസമയം ജോസഫ് വാഴക്കന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിക്കുമെന്നും സൂചനയുണ്ട്.
യുഡിഎഫില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. 2011 ല്‍ ജോസഫ് വാഴയ്ക്കനായിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. അന്ന് സിറ്റിംഗ് എംഎല്‍എയായ സിപിഐയിലെ ബാബു പോളിനെ പരാജയപ്പെടുത്തി അദ്ദേഹം മണ്ഡലം പിടിച്ചു. 2016 ലും വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കനത്ത തിരിച്ചടിയായിരുന്നു ജോസഫ് വാഴയ്ക്കന് ഇവിടെ നേരിട്ടത്. അന്ന് കന്നി അങ്കത്തിനിറങ്ങിയ സിപിഐയിലെ എല്‍ദോ എബ്രാഹം ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. 9,375 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഇത്തവണയും എല്‍ദോ എബ്രഹാമിനെ തന്നെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്.
പാര്‍ട്ടി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയില്‍ ജയസാധ്യത ഇല്ലെന്ന നിഗമനത്തിലേക്ക് എത്തിയതും പകരം മാത്യു കുഴല്‍നാടനെ പരിഗണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വന്നതും. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മാത്യു കുഴല്‍നാടന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ സാധ്യത ഉയരുകയും ചെയ്തു. പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഐ ഗ്രൂപ്പ് രംഗത്തു വരികയും രമേശ് ചെന്നിത്തല ശക്തമായി ജോസഫ് വാഴയ്ക്കന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. കെ ബാബുവിന് വേണ്ടി എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ജോസഫ് വാഴയ്ക്കനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ഉണ്ടായിരുന്നത്.
ചര്‍ച്ചകളില്‍ ഐ ഗ്രൂപ്പ് തന്നെ മുന്നോട്ട് വച്ച പേരാണ് ഡോളി കുര്യാക്കോസിന്റേത്. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിശദീകരണവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ഗ്രൂപ്പടിസ്ഥാനത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുമ്പോട്ട് വച്ച പേരുകള്‍ പലതും സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പിന്തള്ളപ്പെടുന്ന സാഹചര്യവുമുണ്ട്. കേരളത്തിലെ നേതാക്കള്‍ നല്കുന്ന പേരുകള്‍ സംബന്ധിച്ച് ചില ഭേദഗതികള്‍ മാത്രമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും പകരം പേരുകള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നുമാണ് ഹൈക്കമാന്‍ഡിന്റെ വിശദീകരണം.


