ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രന് വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന വാദമുയര്‍ത്തിയാണ് അധ്യക്ഷനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്.
കെ സുരേന്ദ്രനെതിരെ നിരവധി കാരണങ്ങള്‍ നിരത്തിയാണ് ഇരു വിഭാഗവും കേന്ദ്ര നേതൃത്തെ സമീപിച്ചിരിക്കുന്നത്. 2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്ന കണക്കുനിരത്തിയാണ് വിമതനീക്കം ശക്തമാക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്ത തോല്‍വിയാണ്.
എല്ലാ കാര്യങ്ങളും സുരേന്ദ്രന് ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ല. ശോഭ സുരേന്ദ്രന്, പി.എം വേലായുധന്, കെ.പി ശ്രീശന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് ശോഭയുടെ കത്തില്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്കി മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു. കൂടിയാലോചനകളും ആസൂത്രണങ്ങളും ഇല്ലാത്ത അവസ്ഥയാണുള്ളത് അതിനാല്‍ സംസ്ഥാനതലത്തിലെ പുന:സംഘടനയാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ പരാതികള്‍ പരിഹരിക്കുമെന്ന കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന് ഇടപെട്ട് ഉണ്ടാക്കിയ ഉറപ്പും സംസ്ഥാന നേതൃത്വം കണക്കിലെടുത്തില്ല എന്ന പരാതിയും ശോഭ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുതവണ ശോഭ സുരേന്ദ്രന് വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തില്‍ ആര്.എസ്.എസ്സിനും അതൃപ്തിയുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.