തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു. അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിലും ആവേശം ചോരാതെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കി. സ്ഥാനാര്‍ഥികള്‍ വാഹനത്തിലായിരുന്നു പര്യടനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കും.
അതേസമയം ആദ്യഘട്ട വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. തലേന്ന് കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. അഞ്ച് ജില്ലകളിലായി 88 ലക്ഷം വോട്ടര്‍മാരാണ് ചൊവ്വാഴ്ച പോളിംങ് ബൂത്തിലെത്തുക. 24,584 സ്ഥാനാര്‍ഥികളാണുള്ളത്.
കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്പില്ലാത്തവിധമുള്ള ക്രമീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് മാനദ്ണ്ഡം പാലിച്ചുകൊണ്ടാണ് വോട്ടിംങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെടുപ്പിന് തലേദിവസം കോവിഡ് സ്ഥികീകരിക്കുന്നവര്ക്ക് വൈകിട്ട് ആറ് മണിക്ക് ശേഷം ബൂത്തില്‍ തന്നെ വോട്ടുചെയ്യാന്‍ അവസരമുണ്ടാകും.
ആരോഗ്യവകുപ്പ് നിര്‍ദേശിച്ച പ്രകാരമുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക നിര്‍ദേശം നല്കി.


