കേരളത്തില്‍ ഇന്നും പരക്കെ മഴപെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. മലയോര മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയുടെ 86 ശതമാനം പിന്നിട്ടു. ആറ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുഡാമുകളായ കല്ലാര്‍കുട്ടി, മലങ്കര, പാംബ്ളാ തുടങ്ങിയവ ഘട്ടം ഘട്ടമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര സംഭരണിയുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ ജില്ലഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


