ഇനി മുതല്‍ സാഹിത്യോല്‍സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. ഇപ്പോള്‍ തനിക്ക് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ താന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പവസാനിക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് നടന്ന സാഹിത്യോത്സവത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞ മറുപടി ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,’ എന്നായിരുന്നു സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ‘സൗകര്യമില്ല,’ എന്നാണ് ചുള്ളിക്കാട് മറുപടി നല്‍കിയത്. ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ബാലചന്ദ്രന് ചുള്ളിക്കാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കുറിപ്പ്:
പൊതുജനാഭിപ്രായം മാനിച്ച്, മേലാല്‍ സാഹിത്യോല്‍സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.
സിനിമ- സീരിയല്‍ രംഗങ്ങളില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്ക്കും അറിയാവുന്നതാണല്ലൊ.)
ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.
പരമാവധി വിനയത്തോടെ,
ബാലചന്ദ്രന് ചുള്ളിക്കാട്


