വിവാദമായ പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് നല്കാന് ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചു. മത്തായിയുടെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
മത്തായിയുടെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം 25 ദിവസമായി സംസ്ക്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ക്രൈംബ്രാഞ്ച് തന്നെ പരിശോധിക്കാന്‍ സാധ്യതയുണ്ടെന്നും വിവരം. ചിറ്റാര്‍ ആക്ഷന്‍ കൗണ്‍സിലും ഓര്‍ത്തഡോക്സ് സഭയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ രംഗത്തുണ്ടായിരുന്നു.
അതേസമയം കേസില്‍ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതും, അറസ്റ്റും അടക്കമുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടക്കുക.
നിയമ പരിരക്ഷയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ തെളിവുകള്‍ കിട്ടാതെ അറസ്റ്റ് ചെയ്താല്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.


