കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തിയേ തീരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളില്‍ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചിലില്‍ നാല് മരണം സ്ഥിരീകരിച്ചു. മൂന്നാര്‍ തഹസീല്‍ദാര്‍ ആണ്. മരണം സ്ഥിരീകരിച്ചത്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന് ദേവന് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു.
ഇതിനിടെ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നനറിയിപ്പ്. നിലവില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന് പുറമെ, ഒന്‍പതാം തിയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപം കൊള്ളുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതോടെ വരും ദിവസങ്ങളിലും മഴ കനക്കും.
മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാപ്രളയവും 2019ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂര്‍ അതീവ ജാഗ്രതയിലാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രി പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വന്‍ നശമാണ് വിതച്ചത്. കനത്തമഴയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്. കൃഷിയിടങ്ങള്‍ നശിച്ചു. മുന്നൂറോളം വീടുകള്‍ക്കും നാശമുണ്ടായി. കേരളത്തിലാകെ 55 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് എഴുനൂറോളം കുടുംബങ്ങളിലെ മൂവായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.


