ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയന് രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി രാജിവച്ചൊഴിയണം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസ് അന്വേഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയത്. പിണറായി വിജയന് രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ നടന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു വി.മുരളീധരന്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി ചെയ്ത സ്വപ്ന സുരേഷിന് ബഹിരാകാശ ശാസ്ത്രജ്ഞന്മാരുമായി പോലും ഇടപെടാന്‍ അവസരം ഉണ്ടായി. രാജ്യത്തിന്റെ വിവര സാങ്കേതികവിദ്യയും രഹസ്യങ്ങളും കള്ളക്കടത്തുകാരി ആര്‍ക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്കാവില്ല. വ്യാജസര്‍ട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുകാരി സ്വന്തം ഓഫീസില്‍ കയറി നിരങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണ് ഉള്ളതെന്ന് അദ്ദേഹത്തെ പാടിപുകഴ്ത്തുന്നവര്‍ പറയണം.
ഇന്റലിജന്‍സില്‍ നിന്നും വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറുമെല്ലാം പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുള്ള കേരള പൊലീസ് സേനയെ മൊത്തത്തില്‍ അപമാനിക്കുന്നതിന് തുല്യമാണിത്. പാഠം പഠിച്ചെന്നും ഇനി ഇന്റലിജന്‍സിന്റെ സമ്മതമില്ലാതെ എങ്ങും പോകില്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്. ആരോപണം ഉയര്‍ന്ന് 12 ദിവസം കഴിഞ്ഞാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത്. ഇത് പല സംശയങ്ങള്‍ക്കും ഇടനല്കുന്നുണ്ട്. സ്വന്തം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അരിവാങ്ങാനാണ് യുഎഇ കോണ്‍സുലേറ്റിന്റെ സഹായം തേടിയതെന്നാണ് മന്ത്രി കെ.ടി. ജലീല്‍ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ജലീലിന് ലജ്ജയില്ലേയെന്ന് വി.മുരളീധരന് ചോദിച്ചു. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം ഓഫീസും കുടുംബവും ആരോപണത്തിന്റെ നിഴലില്‍ വരുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് എങ്ങനെ നടപടിയെടുക്കാനാവുമെന്നും മുരളീധരന് പരിഹസിച്ചു. എല്ലാ യോഗ്യതകളുമുള്ള ചെറുപ്പക്കാര്‍ തൊഴിലിനായി അലയുന്ന നാട്ടിലാണ് വ്യാജബിരുദക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


