വർഗ്ഗ സമരത്തിൻ്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം കൊടിയേരി ബാലകൃഷ്ണനെക്കൊണ്ട് വർഗ്ഗീയത പറയിപ്പിക്കുന്നത് പരിതാപകരമാണെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.റ്റി. ശരത് ചന്ദ്രപ്രസാദ് ആരോപിച്ചു. ഇടതു സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് സ്വർണ്ണത്തിൽ മുങ്ങി നിൽക്കുമ്പോൾ കൊടിയേരിയുടെ കണ്ണുകൾ മഞ്ഞളിച്ചു പോയി. സി പി എമ്മിനെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്താൻ കൊടിയേരിയുടെ ഈ ഒറ്റമൂലിക്കാകില്ല. പ്രതിപക്ഷ നേതാവ് തുടങ്ങിവെച്ച പിണറായി സർക്കാരിനെതിരെയുള്ള അഴിമതി വിരുദ്ധ പോരാട്ടം വിജയിച്ചത് സിപിഎമ്മിന് സമനില തെറ്റിയതിൻ്റെ ഏറ്റവും പ്രകടമായ തെളിവാണ് കൊടിയേരിയുടെ ആർഎസ്എസ് വാദം. അനവസരത്തിലുള്ള കോടിയേരിയുടെ പ്രസ്താവന ഭാവിയിൽ ഉണ്ടാകാൻ പോകുന്ന സിപിഎം-ബിജെപി ബന്ധത്തിൻ്റെ മുൻകൂർ ജാമ്യമാണ്.
സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയതും കൊടിയേരിയുടെ ആർഎസ്എസ് പ്രസ്താവനയും ഭാവിയിലെ കോൺഗ്രസ് വിരുദ്ധ കൂട്ടുകെട്ടിൻ്റെ ശംഖുനാദമാണ് . ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം സിപിഎമ്മിൻ്റെ കോൺഗ്രസ് വിരുദ്ധ മുന്നണിയും തത്വത്തിൽ ഒന്നുതന്നെയാണ്. ഈ രണ്ടു കൂട്ടരുടെയും പൊതു ശത്രു കോൺഗ്രസാണെന്നിരിക്കെ കൊടിയേരിയുടെ പ്രസ്താവന അതിബുദ്ധിയിൽ നിന്നും ഉടലെടുത്തതാണെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവന നാളെ സിപിഎമ്മിനെ തന്നെ തിരിഞ്ഞു കുത്തും എന്നതിന് സംശയമില്ല. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന നിലപാടാണ് കൊടിയേരിയുടേത്. അഴിമതിയിൽ മുങ്ങിപ്പോയ സർക്കാരിനെ രക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് ചർച്ച തിരിച്ചുവിടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആക്രമിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങൾ കൊണ്ട് രമേശ് ചെന്നിത്തല നടത്തുന്ന പോരാട്ടങ്ങളിൽ നിന്നും അദ്ദേഹത്തെ പുറകോട്ട് വലിക്കാൻ കഴിയില്ല എന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.