മൂവാറ്റുപുഴ :. മുസ്ലിംലീഗും പോഷക സംഘടനകളും തുടങ്ങുന്ന പദ്ധതികൾ സംസ്ഥാനത്ത് ഏറ്റവും ജനോപകാരപ്രദമായും വിജയകരമായും നടപ്പിലാക്കുകയും മറ്റു സംഘടനകൾക്ക് എക്കാലത്തും മാതൃകയാവുകയും ചെയ്തിട്ടുണ്ടെന്ന് കെ.പി .സി. സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മറ്റി കാർഷിക മേഖലയുടെ പുരോഗതിക്കും സ്വയംപര്യാപ്തക്കും വേണ്ടി ആരംഭിച്ച “ആർജ്ജവം 2020 “ന്റെ മുളവൂർ മേഖലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കാർഷിക രംഗത്തും പഴം-പച്ചക്കറി ഉത്പാദനത്തിനും സ്വയംപര്യാപ്തത കൈവരിക്കേണ്ട ആവശ്യകത കൊവിഡ് – 19 കേരളത്തെ പഠിപ്പിച്ചിട്ടുണ്ട്. കാർഷിക മേഖലക്ക് ഏറ്റവും അനുയോജ്യമായ മണ്ണും ആവശ്യത്തിലേറെ ജലവും ലഭ്യമായിട്ടും ഈ മേഖലയിൽ നമുക്ക് ഏറെ പിന്നോട്ട് പോകേണ്ട സാഹചര്യമുണ്ടായത് നമ്മുടെ ഉദാസീനതയാണെന്ന് അദ്ദേഹം സ്വയം വിമർശനം നടത്തി.
കർഷക സംഘം മേഖലാ പ്രസിഡന്റ് കെ .എം മൈതീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ. എം അബ്ദുൽ മജീദ് പദ്ധതി വിശദീകരണം നടത്തി. കർഷക സംഘം ജില്ലാ പ്രസിഡന്റ് എം. എം അലിയാർ മാസ്റ്റർ, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി. എ ബഷീർ, ജനറൽ സെക്രട്ടറി എം. എം സീതി , ട്രഷറർ എം .എസ് അലി, ഡിവിഷൻ പ്രസിഡന്റ് ജലാൽ സ്രാമ്പിക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ കരീം വട്ടക്കുടി,കർഷകസംഘം നിയോജകമണ്ഡലം പ്രസിഡന്റ് കെ. പി മുഹമ്മദ്, ജനറൽ സെക്രട്ടറി അലി പായിപ്ര, വി .എ മക്കാർ മാണിക്യം, കെ.എം ഷക്കീർ ,എസ് .എസ് മുഹമ്മദ് കുഞ്ഞ്,കെ. പി അയ്യൂബ് എന്നിവർ സംസാരിച്ചു.


