സാധാരണ എ-ഫോർ ഷീറ്റ് എന്തിനാണ് നമ്മൾ ഉപയോഗിക്കുന്നത്? എഴുതാനോ പ്രിന്റ് എടുക്കാനോ ഒക്കെയാകും, അല്ലെ? എന്നാൽ ഈ എ-ഫോർ ഷീറ്റ് നിങ്ങളുടെ അടുക്കളയിലും വലിയൊരു മാജിക് കാണിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ഫ്രിഡ്ജിൽ ഒരു സാധാരണ എഫോർ പേപ്പർ വെക്കുന്ന പുതിയൊരു സൂത്രപ്പണി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഫ്രിഡ്ജിന്റെ ആയുസ് കൂട്ടാനും ദുർഗന്ധം അകറ്റാനും പച്ചക്കറികൾ കേടാകാതിരിക്കാനും ഈ ലളിതമായ വിദ്യ സഹായിക്കും.
എന്തിനാണ് ഫ്രിഡ്ജിൽ എ-ഫോർ ഷീറ്റ് വെക്കുന്നത്?
എഫോർ ഷീറ്റ് നിർമിച്ചിരിക്കുന്നത് സെല്ലുലോസ് ഫൈബറുകൾ കൊണ്ടാണ്. ഇത് അന്തരീക്ഷത്തിലെ അധികമുള്ള ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മൾ ഓരോ തവണ ഫ്രിഡ്ജ് തുറക്കുമ്പോഴും പുറത്തെ ചൂടുള്ള കാറ്റ് ഉള്ളിലേക്ക് കയറുകയും പിന്നീട് അത് ഈർപ്പമായി മാറുകയും ചെയ്യും. ഈ ഈർപ്പമാണ് ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഉണ്ടാക്കുന്നതിനും പൂപ്പൽ വരുന്നതിനും പ്രധാന കാരണം. എന്നാൽ ഫ്രിഡ്ജിന്റെ ഡോറിലോ മറ്റ് ഭാഗങ്ങളിലോ വൃത്തിയുള്ള ഒരു എഫോർ ഷീറ്റ് വെച്ചാൽ, അത് ഈ അധിക ഈർപ്പത്തെ വലിച്ചെടുക്കും. ഇതിലൂടെ ദുർഗന്ധം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.
പച്ചക്കറികളും ഭക്ഷണവും ഇനി പെട്ടെന്ന് കേടാകില്ല
ഫ്രിഡ്ജിൽ ഈർപ്പം കൂടുമ്പോഴാണ് ബാക്ടീരിയകളും പൂപ്പലുകളും വേഗത്തിൽ വളരുന്നത്. ഇതുമൂലം നാം സൂക്ഷിക്കുന്ന പച്ചക്കറികളും പഴങ്ങളും വേഗത്തിൽ കേടാകാൻ തുടങ്ങും. എന്നാൽ എഫോർ ഷീറ്റ് ഈർപ്പം വലിച്ചെടുക്കുന്നതുവഴി, ഫ്രിഡ്ജിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുകയും ഭക്ഷണസാധനങ്ങൾ കൂടുതൽ കാലം ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഇലക്കറികൾ സൂക്ഷിക്കുന്ന ക്രിസ്പർ ഡ്രോയറിനടുത്ത് ഇത് വെക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
കറന്റ് ബില്ല് കുറയ്ക്കാനും ഒരു ‘പേപ്പർ ടെസ്റ്റ്’
ഫ്രിഡ്ജിനുള്ളിലെ ഈർപ്പം മാറ്റാൻ മാത്രമല്ല, ഫ്രിഡ്ജിന്റെ ഡോർ കൃത്യമായി അടയുന്നുണ്ടോ എന്നറിയാനും ഈ എ-ഫോർ പേപ്പർ സഹായിക്കും. ഇതിനായി ഒരു എ-ഫോർ ഷീറ്റിന്റെ പകുതി ഭാഗം ഫ്രിഡ്ജിന്റെ ഡോറിനും റബ്ബർ ഗാസ്കറ്റിനും ഇടയിലായി വെച്ച് ഡോർ അടയ്ക്കുക. ശേഷം പേപ്പർ സാവധാനം പുറത്തേക്ക് വലിച്ചു നോക്കുക. പേപ്പർ വലിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫ്രിഡ്ജിന്റെ ഡോർ സീൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് അർഥം. എന്നാൽ യാതൊരു തടസവുമില്ലാതെ പേപ്പർ ഊരിപ്പോരുകയാണെങ്കിൽ ആ റബ്ബർ ഗാസ്കറ്റ് മാറ്റാറായി എന്ന് മനസിലാക്കാം. ഇങ്ങനെ ഡോർ ലൂസാകുന്നത് വഴി തണുപ്പ് പുറത്തുപോകാനും കറന്റ് ബില്ല് വൻതോതിൽ വർധിക്കാനും ഫ്രിഡ്ജിന്റെ കംപ്രസർ വേഗത്തിൽ കേടാകാനും കാരണമാകും.
ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഈ വിദ്യ ഉപയോഗിക്കുമ്പോൾ പേപ്പർ 10 മുതൽ 14 ദിവസത്തിനുള്ളിൽ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. പേപ്പർ നനയുകയോ ചുരുളുകയോ ചെയ്താൽ അപ്പോൾ തന്നെ പുതിയത് വെക്കുക. തുറന്നുവെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ പേപ്പർ മുട്ടാതിരിക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നതിന് പകരമുള്ള ഒരു മാർഗമല്ല ഇത് എന്നതാണ്. കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കുകയും ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

