ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച് പിതാവിന്റെ മരണാനന്തര ചടങ്ങിൽ വിദേശത്ത് നിന്നെത്തിയ മകൻ പങ്കെടുത്തത് വീട്ടുകാർക്കും, പോലീസിനും തലവേദന സൃഷ്ടിച്ചു.
മൂവാറ്റുപുഴ വാളകത്ത് തിങ്കളാഴ്ചയാണ് സംഭവം. ഖത്തറിൽ നിന്നെത്തിയ യുവാവാണ് ക്വാറന്റീൻ സെന്ററിലേക്കു പോകാതെ പ്രത്യേക അനുമതി നേടി വാളകത്തെ വീട്ടിൽ പിതാവിന്റെ മൃതദേഹം കാണാനെത്തിയത്.
പിതാവിന്റെ മൃതദേഹം കണ്ടിട്ട് അപ്പോൾ തന്നെ ക്വറൻറീനിൽ പൊക്കോളാമെന്ന് പറഞ്ഞ മകന് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കെത്താനുള്ള പ്രത്യേക പാസ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ലഭ്യമാക്കുകയായിന്നു. തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് മകൻ വീട്ടിലെത്തിയത്. എന്നാൽ മൃതദേഹം കണ്ട് തിരിച്ചു പോകാതെ ഇയാൾ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു.രണ്ടു മണിക്കൂറോളം മൃതദേഹത്തിന് സമീപം ചിലവഴിച്ചതോടെ ബന്ധുക്കൾക്ക് അടക്കം മൃതദേഹത്തിനടുത്തെത്താനായില്ല.
ഇതോടെ പ്രതിക്ഷേധവുമായി ബന്ധുക്കളുൾപെടെയുള്ളവർ രംഗത്തുവന്നു. ബന്ധുക്കൾക്ക് കാണാൻ സൗകര്യമൊരുക്കാൻ ഇയാൾതിരിച്ചു പോകണമെന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മകൻ അവഗണിച്ചു. ഒടുവിൽ മൃതദേഹത്തിനരികിൽ തുടരുകയാണെങ്കിൽ സംസ്കാര ചടങ്ങുകൾ നടത്താനാകില്ലെന്നും പൊലീസ് കർശന നിലപാടെടുത്തതോടെ ഇയാൾ തിരിച്ചു പോകുകയായിരുന്നു


