തിരുവനന്തപുരം: പൊലിസ് സേനക്കെതിരായ സി.എ.ജി കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കുന്നുണ്ട്.
പൊലിസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്ബ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ വശ്യം. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നാളെ ഗവര്‍ണറെ കണ്ടും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കും.
നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ പരിഗണനയിലാണ് സി.എ.ജി റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ വരിക. കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന് ആണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എല്‍.ഡി.എഫിന് ഒരംഗത്തിന്റെ മുന്‍തൂക്കമുള്ളതാണ് ഈ കമ്മിറ്റി. സി.എ.ജി റിപ്പോര്ട്ടിന്മേല് ആവശ്യമെങ്കില്‍ ഡി.ജി.പിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുവരുത്തുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാം.


