ലക്നോ: ലൈംഗിക പീഡനപരാതിയില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരും. ഒക്ടോബര്‍ 16വരെ ചിന്മയാനന്ദിന്റെ കസ്റ്റഡി കാലാവധി ഷാജഹാന്‍പുര്‍ കോടതി നീട്ടി. സുരക്ഷാ കാരണങ്ങളാല്‍ വീഡിയോ കോണ്ഫെറന്സിംഗിലൂടെയാണ് ചിന്മയാനന്ദിനെ കോടതിയില്‍ ഹാജരാക്കിയത്.
നിയമവിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. ഷാജഹാന്‍പൂരിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എല്‍എല്‍എം വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തിലേറെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.
അതേസമയം ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പരാതി നല്കിയ നിയമ വിദ്യാര്‍ഥിനിയെയും യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


