മുഖ്യമന്ത്രി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. മരടും പാലാരിവട്ടവും അടക്കമുള്ള വിഷയങ്ങള്‍ മുമ്പിലുണ്ടായിട്ടും കേരളത്തില്‍ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകളെയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മരടില്‍ ക്രമക്കേട് നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫ്ലാറ്റ് ഉടമകളെ മുന്നില്‍ നിര്‍ത്തി നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് വി മുരളീധരന് ആരോപിച്ചത്.
മരട് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.


