മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്കി.
വേനല്‍ കനത്തതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലടക്കം ജില്ലയുടെ കിഴയ്ക്കന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെയും, ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ വഴിയും കുടിവെള്ള വിതരണം നടക്കുന്നുണ്ടങ്കിലും ഇയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍ ആരംഭത്തിലേ തന്നെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതാത് പഞ്ചായത്ത് കമ്മിറ്റികള്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശം തെരഞ്ഞെടുത്ത് ആര്.ഡി.ഒയ്ക്ക് സമര്‍പ്പിക്കുകയും തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുകയുമാണ് പതിവ്. എന്നാല്‍ ഇക്കുറി ഇതിനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. വേനല്‍ കനത്തതോടെ പലപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
സംസ്ഥാനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാനമനുസരിച്ച് തദ്ദേശസ്വയം ഭരണവകുപ്പ് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് പഞ്ചായത്തുകള്‍ക്കും, നഗരസഭകള്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കും തനത് ഫണ്ടില്‍ നിന്നും കുടിവെള്ള വിതരണത്തിനായി തുക ചെലവാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31-വരെ 11-ലക്ഷം രൂപയും, നഗരസഭകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31-വരെ 16.50-ലക്ഷം രൂപയും, കോര്‍പ്പറേഷനുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31-വരെ 22-ലക്ഷം രൂപയും തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ടങ്കിലും ഈതുക അപര്യാപ്തമാണ്. വേനല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൂടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടക്കുന്നതോടെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നും എം.എല്‍.എ കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.


