കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം.
അനധികൃതസ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. കളമശ്ശേരിയിലെ സിപിഎം നേതാവാണ് പരാതിക്കാരന്. നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ അറസ്റ്റിലായിരുന്നു.
കളമശ്ശേരിയിലെ പാര്ട്ടിഅംഗമാണ് ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദനം, വലിയ വിലയുടെ വീട് വാങ്ങി, ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളുണ്ടായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ലാകമ്മിറ്റിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണ കമ്മീഷനെ നിശ്ചയിച്ചിരിക്കുന്നത്. സി.എം ദിനേശ്മണി, പി.ആര് മുരളി എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെയാണ് ഈ കാര്യങ്ങള്‍ അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്.
നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സക്കീര്‍ ഹുസൈനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എളമരം കരീം ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷനെത്തി കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ സക്കീറിന് പാര്‍ട്ടി കമ്മീഷന് ക്ലീന്‍ചിറ്റ് നല്കുകയാണുണ്ടായത്.


