കോഴിക്കോട്: കല്ലട ബസില്‍ യാത്രാക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം കഴിഞ്ഞു മാസങ്ങള്‍ക്കു ശേഷമാണ് യുവതിക്ക് നേരെയും ജീവനക്കാരനില്‍ നിന്നും പീഡനശ്രമം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ നിയമപരമായി എന്തൊക്കെ ചെയ്യാനാകുമോ അവയെല്ലാം ചെയ്യും. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലിസിനു കൈമാറിയത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലിസ് പിടിച്ചെടുത്തു. സംഭവം വിവാദമായതോടെ ജനങ്ങളും കല്ലട ട്രാവല്‍സിനെതിരേ തിരിഞ്ഞിട്ടുണ്ട്. പലയിടത്തും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നേരത്തെ യാത്രക്കാരെ മര്‍ദിച്ച സംഭവമായിരുന്നുവെങ്കില്‍ വീണ്ടും സ്ത്രീയെ അപമാനിച്ച സംഭവം പുറത്തുവന്നതാണ് ജനങ്ങളെ രോഷാകൂലരാക്കിയിരിക്കുന്നത്.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എല്ലാ പ്രതികളേയും അറസ്റ്റു ചെയ്തിരുന്നു. ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.


