അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപകർ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി. ആത്മഹത്യയിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാകാം നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ അധ്യാപകറുടെ വാദം.
ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകർ വെവ്വേറെ അഭിഭാഷകർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവം നടന്ന ഏപ്രിൽ 10ന് രാവിലെ മുതൽ ഉച്ചയ്ക്ക് 12 മണി വരെ പ്രിൻസിപ്പലിന്റെ ചേംബറിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഈ സമയം താൻ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ഡോ. റാമിന്റെ വാദം. അധ്യാപികയായ ഡോ. ലത ശശിധരന്റെ നമ്പർ ലോൺ ആപ്പുകാർക്ക് നൽകിയത് നിതിൻ ആയിരുന്നു. ഇതിന് പിന്നാലെ അധ്യാപികയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. അധ്യാപിക പരാതി നൽകാൻ ഒരുങ്ങിയതിലുള്ള ഭയമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡോ. റാമിന്റെ വാദം.
17 വർഷമായി ഇതേ കോളജിലെ അധ്യാപകനാണ് താനെന്നും കർണാടകയിൽ ജനിച്ച് വളർന്ന താനും ഒരു പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു. നിതിനെ അവസാനമായി കണ്ടത് മാർച്ച് മാസത്തിലാണെന്നും മരണത്തിൽ പങ്കില്ലെന്നും ഡോ റാം പറയുന്നു. സംഭവം നടന്ന ദിവസം താൻ മംഗലാപുരത്തായിരുന്നുവെന്നും വിദ്യാർഥി തന്നോട് സ്നേഹപൂർവ്വമാണ് പെരുമാറിയിരുന്നതെന്നുമാണ് ഡോ. സംഗീതയുടെ വാദം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഏകപക്ഷീയമായാണ് കേസെടുത്തതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.


