ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. കൂടാതെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് എന്ന സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും പാക് മാധ്യമങ്ങള്‍ ചാവേറായവരെ സ്വാതന്ത്ര സേനാനികളായാണ്
ചിത്രീകരിച്ചിരിക്കുന്നത്.
സി.ആര്.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ ജയ്ഷ് ഇ മുഹമ്മദിന്റെ ചാവേറായ അദില്‍ അഹമ്മദ് ദാറിനെ സ്വാതന്ത്ര സേനാനിയായാണ് പാകിസ്ഥാനിലെ പ്രമുഖ ദിനപത്രമായ ‘ദ നേഷന്‍’ ചിത്രീകരിച്ചിരിക്കുന്നത്. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന ജയ്ഷ് ഇ മുഹമ്മദിന്റെ ഔദ്യോഗിക വക്താവിന്റെ മറുപടിയോടൊപ്പമാണ് പാകിസ്ഥാന് പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്.
കാശ്മീരില്‍ ഇന്ത്യക്കാര്‍ നടത്തിവരുന്ന ക്രൂരതകള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ കഴിയില്ലെന്നും അതിനുള്ള തിരിച്ചടിയായാണ് സ്വാതന്ത്ര സേനാനികള്‍ ആക്രമണം നടത്തിയതെന്നുമുള്ള വിശദീകരണമാണ് ദ നേഷന്‍ പത്രം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനെ ഭീകരാവാദമായി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ദ നേഷന്‍ വാര്‍ത്തയില്‍ പറയുന്നു.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് പാകിസ്ഥാനിലെ മറ്റൊരു പ്രമുഖ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കശ്മീരിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പേര് ഇതുവരെ മരിച്ചിട്ടുണ്ട്. ഇതിന് പാകിസ്ഥാനെ കുറ്റക്കാരാക്കാനാണ് ന്യൂഡല്‍ഹി ശ്രമിക്കുന്നതെന്നും ഡോണ്‍ പറയുന്നു.

