മൂവാറ്റുപുഴ: നഗരസഭയുടെ സിഎഫ്സി ഫണ്ട് വിനിയോഗ പദ്ധതികൾക്ക് ഡിപിസി അംഗീകാരം ലഭിച്ചതായി ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അറിയിച്ചു. ഫണ്ട് വിനിയോഗത്തിൽ അപാകതയുണ്ടെന്നും പ്രതിപക്ഷ വാർഡുകളെ പരിഗണിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് പദ്ധതികൾക്ക് ഡിപിസി അംഗീകാരം നൽകിയതെന്നും അവർ പറത്തു.
പദ്ധതികൾ നടപ്പാക്കരുതെന്നും മരവിപ്പിക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം നഗരവികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വെല്ലുവിളിയും ജനാധിപത്യ വിരുദ്ധ നിലപാടുമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. വികസന പദ്ധതികളെ രാഷ്ട്രീയ ആരോപണങ്ങളിലൂടെ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കത്തിന് ഡിപിസി അംഗീകാരത്തോടെ തിരിച്ചടിയായെന്നും, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി.

