മൂവാറ്റുപുഴ: നഗരസഭ കൗണ്സില് സംഘടിപ്പിച്ച ‘ത്രിവേണിയോണം’ ഓണാഘോഷത്തിന്റെ യഥാര്ത്ഥ വരവ് ചെലവ് കണക്കുകള് പുറത്തുവിട്ടില്ലെങ്കില് വിജിലന്സില് പരാതി നല്കി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഓണാഘോഷം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണ് തട്ടിക്കൂട്ടിയ കണക്കുകള് കൗണ്സില് യോഗത്തില് ചെയര്പേഴ്സണ് ഏകപക്ഷീയമായി അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
43 ലക്ഷത്തിലേറെ രൂപ മുടക്കി സംഘടിപ്പിച്ച ആഘോഷത്തിന്റെ യഥാര്ത്ഥ വിവരങ്ങള് വെളിപ്പെടുത്താന് അടിയന്തര കൗണ്സില് യോഗം വിളിക്കണമെന്ന് പാര്ട്ടി ആവശ്യപ്പെട്ടു. ജില്ലാ ടൂറിസം കൗണ്സിലില് നിന്ന് ലഭിച്ച തുക, ഹെലികോപ്റ്റര് യാത്ര, വള്ളംകളി തുടങ്ങിയ പരിപാടികളുടെ സ്പോണ്സര്ഷിപ്പ് വിവരങ്ങള് എന്നിവ വ്യക്തമാക്കണം. സംഘാടക സമിതി അക്കൗണ്ടില് നാല് ലക്ഷം രൂപ മാത്രമാണുള്ളതെന്നും, രണ്ട് കോണ്ഗ്രസ് വനിതാ കൗണ്സിലര്മാരുടെ പേരിലാണ് പണമിടപാടുകള് നടത്തിയതെന്നും അനീഷ് ആരോപിച്ചു. വിവരാവകാശ അപ്പീല് അപേക്ഷയിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില് നിയമനടപടികളുമായി മുന്നോട്ടുപോകും.
കണക്കുകള് ഐക്യകണ്ഠേനയാണ് അംഗീകരിച്ചതെന്ന ചെയര്പേഴ്സന്റെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എല്ഡിഎഫ് പാര്ലമെന്ററി പാര്ട്ടി സെക്രട്ടറി മജീദ് മങ്ങാടന് പറഞ്ഞു. സംഘാടകസമിതി കണ്വീനറും ധനകാര്യ സമിതി അംഗങ്ങളും ഉള്പ്പെടെയുള്ള കൗണ്സിലര്മാര് പങ്കെടുക്കാത്ത യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭയില് വന് വികസന തട്ടിപ്പാണ് നടക്കുന്നതെന്ന് നേതാക്കള്
നഗരസഭയില് വന് വികസന തട്ടിപ്പാണ് നടക്കുന്നതെന്ന് നേതാക്കള് ആരോപിച്ചു. ടൗണ്ഹാള് അറ്റകുറ്റപ്പണിക്ക് ഒരു കോടിയുടെ പദ്ധതിയില് 50 ലക്ഷം മാത്രം ചെലവഴിച്ച് ബാക്കി തുകയില് ക്രമക്കേട് നടത്തിയെന്നും, വീണ്ടും ഒരു കോടി രൂപ കടമെടുക്കാന് നീക്കം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ ജനറല് ആശുപത്രിയില് എക്സ്റേ, അള്ട്രാസൗണ്ട് സ്കാനിങ് തുടങ്ങിയ സൗകര്യങ്ങളോ ആവശ്യത്തിന് മരുന്നോ ലഭ്യമാക്കാതെ ഇന്ദിരാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനാണ് നഗരസഭ മുതിരുന്നതെന്ന് ഏരിയ കമ്മിറ്റി അംഗം സജി ജോര്ജ് വിമര്ശിച്ചു. ഓക്സിജന് സംവിധാനം പ്രവര്ത്തിപ്പിക്കാനുള്ള ജനറേറ്റര് സ്ഥാപിക്കാനോ, തെരുവ് വിളക്കുകളും തെരുവ് നായ്ക്കളുടെ ശല്യവും പരിഹരിക്കാനോ കൗണ്സില് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വാര്ത്താസമ്മേളനത്തില് മുനിസിപ്പല് നോര്ത്ത് ലോക്കല് സെക്രട്ടറി കെ. ജി. അനില്കുമാര്, സൗത്ത് ലോക്കല് സെക്രട്ടറി പി. ബി. അജിത് കുമാര്, കൗണ്സിലര്മാരായ എന്. എം. കിഷോര്, ടി. എ. സജി, റബിന്സ് ടി. അലിയാര്, രജനി സജീവ്, ജയ സുകു, അമ്പിളി ബിജു എന്നിവരും പങ്കെടുത്തു.

