എടത്വ : എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിര്മ്മിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എടത്വ പാലത്തില് നിയന്ത്രണം വിട്ട കാറിടിച്ച് എതിര് വശത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവതിക്ക് പരുക്ക് പറ്റിയിരുന്നു.പാലത്തിന്റെ കൈവരിയില് ഇടിച്ചതിന്റെ ആഘാതം മൂലം കാറിന്റെ മുന്ഭാഗം തകര്ന്നെങ്കിലും താഴെ നദിയിലേക്ക് പതിക്കാതിരുന്നതിനാല് വന് ദുരന്തം ഒഴിവായി.
ദക്ഷിണേന്ത്യയിലെ പ്രമുഖ ദൈവാലയമായ എടത്വ സെന്റ് ജോര്ജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാള് സമയത്ത് ജനതിരക്ക് മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവ് സംഭവമാണ്. പാലത്തിന് വീതി കുറവായതിനാല് ഒരു വാഹനം കടന്നു പോകുമ്പോള് എതിരെ വരുന്ന വാഹനത്തിന് പോകാന് തടസ്സമാണ്. ഒട്ടേറെ കാല്നടയാത്രക്കാരാണ് 55 വര്ഷം പഴക്കം ഉള്ള ഈ പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ ഒരു കരയില് കെഎസ്ആര്ടിസി ഡിപ്പോ, സെന്റ് അലോഷ്യസ് കോളജ്, മറുകരയില് ധനകാര്യ സ്ഥാപനങ്ങള്, സര്ക്കാര് ഓഫീസുകള്,കമ്മ്യൂണിറ്റി ഹെല്ത്ത് സെന്റര്, വ്യാപാര സ്ഥാപനങ്ങള്, അപ്പര് പ്രൈമറി വിഭാഗം സ്ക്കൂള് മുതല് ഹയര് സെക്കന്ണ്ടറി സ്കൂളുകള് എന്നിവ പ്രവര്ത്തിക്കുന്നു. നടപ്പാലം നിര്മ്മിക്കുമെന്ന് കഴിഞ്ഞ ഒരു ദശാബ്ദമായി ജനപ്രതിനിധികള് പറയുന്നുണ്ട്. പലതവണ എടത്വ വികസന സമിതിയുടെ നേതൃത്വത്തില് പ്രതിഷേധ സമരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു.നടപ്പാലം നിര്മ്മിക്കുന്നതിന് മണ്ണ് പരിശോധന നടത്തിയതൊഴികെ ഒന്നും നടന്നിട്ടില്ല.
അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാത നിര്മ്മാണത്തിനിടയില് എടത്വ പാലത്തിന് സമാന്തരമായി നടപ്പാലം നിര്മ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതി സംസ്ഥാന ചീഫ് സ്രെകട്ടറിക്ക് വീണ്ടും നിവേദനം നല്കിയിരുന്നു. യാത്രക്കാര്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള് പരിഹരിക്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേര്ഡ് ചെറുകാട്, ജനറല് സെക്രട്ടറി ഡോ ജോണ്സണ് വാലയില് ഇടിക്കുള, ട്രഷറാര് കുഞ്ഞുമോന് പട്ടത്താനം എന്നിവര് ആവശ്യപ്പെട്ടു.

