പെരുമ്പാവൂര്‍: കാറ്റിലും മഴയിലും തകര്‍ന്നു വീണ് അപകടഭീഷണി സൃഷ്ടിച്ച ഓടക്കാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓഡിറ്റോറിയം പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി ജില്ലാ ദുരന്തനിവാരണ നിധിയില്‍ നിന്ന് 25,000 രൂപ അനുവദിച്ചതായി തകര്‍ന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അറിയിച്ചു. പൊളിച്ചുനീക്കലിന് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കൊപ്പം ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും മുറിച്ചുമാറ്റുന്ന ജോലികളാണ് പുരോഗമിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് സ്കൂളിന് മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓടക്കാലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാറാ സൂര്യ ജോര്‍ജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗീത സുബ്രന് എന്നിവരും പ്രസിഡന്റിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു. തകര്‍ന്ന ഭാഗങ്ങള്‍ അടിയന്തരമായി മാറ്റാന്‍ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ്., മനോജ് മൂത്തേടന് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്ത ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ തീരുമാനമായിരുന്നു.

