മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭാ കാര്യാലയത്തിന് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുഷ്പഹാരം അര്‍പ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ഗവ. ജനറല്‍ ആശുപത്രി പരിസരത്ത് നഗരസഭ, ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്, നിര്‍മ്മല കോളേജ് NSS യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ശുചീകരണയജ്ഞം നടത്തി. നഗരസഭാ ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
”ശുചിത്വം സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമാണ്” എന്ന മഹാത്മാഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് ഗാന്ധിജയന്തി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു. ഗവ. ജനറല്‍ ആശുപത്രിയില്‍ വിവിധ പോരായ്മകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നഗരസഭ കൃത്യമായി ഇടപെടുമെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ആശുപത്രി പരിസരത്ത് ശുചീകരണയജ്ഞം സംഘടിപ്പിച്ചതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അസം ബീഗം, ജിനു മടേക്കന്‍, രജിത പി. എന്നിവരും കൗണ്‍സിലര്‍മാരായ മുഹമ്മദ് ചെറുകപ്പള്ളി, ഷബീന യൂനസ്, രജനി സജീവ്, നൗഫിയ മൈതീന്‍, ജാസ്മിന് ഉമ്മര്‍, ഷിത റാണി തുടങ്ങിയവരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.

