നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് വിവാഹവിവരം ആരാധകരുമായി പങ്കുവെച്ചത്. “ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്, ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല” എന്ന കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചത്. പിന്നാലെ എത്തിയ ഓണാശംസ പോസ്റ്റിൽ വിവാഹത്തിന് ആശംസകൾ നേർന്നവർക്കും താരം നന്ദി അറിയിച്ചു.
2017 മുതൽ സുഹൃത്തുക്കളായ ഇരുവരും കഴിഞ്ഞ ഫെബ്രുവരിലാണ് വിവാഹവിവരം പുറത്തുവിട്ടത്. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ‘സാമർഥ്യശാസ്ത്രം’ എന്ന വെബ് സീരീസിലൂടെയാണ് നിലീൻ ശ്രദ്ധനേടിയത്. ഈ സീരീസിന്റെ തിരക്കഥയൊരുക്കിയതും നിലീൻ സാന്ദ്രയായിരുന്നു. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്.
കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ നിലീൻ, ‘ആവാസവ്യൂഹം’, ‘2018’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം അരൂർ സ്വദേശിനിയായ നിലീന്റെ അച്ഛൻ ജൂഡി തഹസിൽദാറും അമ്മ മേരി ഹൈക്കോടതി ജീവനക്കാരിയുമാണ്. ഒരു സഹോദരനുമുണ്ട്.

