റിയാദ്: ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി വിചാരണ തുടങ്ങി. റിയാദ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ക്കായി തുര്‍ക്കിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രോസിക്ക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പതിനൊന്ന് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കേസിന്റെ വിചാരണ തുര്‍ക്കിയിലേക്ക് മാറ്റണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി നേരെത്തെ തള്ളിയിരുന്നു.സൗദിയില്‍ അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുമായി പങ്കുവെക്കുന്നില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു.
അതേ സമയം സൗദിയില്‍ നടക്കുന്ന വിചാരണയുടെ സുതാര്യതയെ ചോദ്യം ചെയ്തു കൊണ്ട് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. സംഭവത്തെക്കുറിച്ച രാജ്യാന്തര സഹകരണത്തോടെയുള്ള സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നാണ് ഐക്യരാഷ്ട്രസഭ യുടെ നിലപാട്. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്.

