അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള കേസില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാമക്ഷേത്ര സംഭാവനയിൽ നടന്നത് വൻ അഴിമതി. രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ആഹ്വാനം നൽകിയ രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണം. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. വളരെ പാവപ്പെട്ടവരായ സ്ത്രീകൾ പോലും രാമക്ഷേത്രത്തിന് സംഭാവന നൽകി. കൃത്യമായ അന്വേഷണം അഴിമതിയിൽ നടക്കണം. വിശ്വാസികളായ പലരും നൽകിയ സംഭാവനയാണ് മോഷ്ടിക്കപ്പെട്ടത്. സംഭാവന പിരിച്ചെങ്കിൽ അതിൽ ഉത്തരവാദിത്തവും ഉണ്ടെന്നും അവർ വ്യക്തമാക്കി.
രാമക്ഷേത്രത്തിലെ കൊള്ള രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോഷണം നടത്തിയവര്‍ വലിയ പാപമാണ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ പവിത്രമായ വികാരമാണ് ശ്രീരാമന്. പവിത്രമായ വികാരത്തോടെയാണ് ആളുകള്‍ ക്ഷേത്രത്തിലേക്ക് സംഭാവന അര്‍പ്പിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ അനേകായിരം മനുഷ്യരുടെ വിശ്വാസമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
താഴെ തട്ടിലുള്ള ജീവനക്കാര്‍ക്ക് സ്വന്തമായി സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്ത് ആയിരക്കണക്കിന് കോടി രൂപയുടെ വഴിപാടുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമോയെന്നും പ്രിയങ്ക സംശയം പ്രകടിപ്പിച്ചു. സംഭാവന തട്ടിപ്പില്‍ സുതാര്യമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം ഭണ്ഡാരക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപയാണ് എസ്ഐടി പിടിച്ചെടുത്തത്. കേസിലെ എട്ട് പ്രതികളെ റിമാന്‍ഡില്‍ വിടുകയും ചെയ്തു. രാമശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, അനുകല്പ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികള്‍.
തട്ടിപ്പില്‍ ആരോപണ വിധേയനായതോടെ ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചിരുന്നു. ട്രസ്റ്റ് അംഗം അനില്‍ മിശ്രയും സ്ഥാനമൊഴിഞ്ഞു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായിയുടെ സഹായിയെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


