മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് കേന്ദ്രം തുക അനുവദിച്ചത് പിഎം ശ്രീ പദ്ധതിപ്രകാരമായിരുന്നില്ലെന്ന് രേഖകൾ. മാർച്ചിലും മെയിലും അനുവദിച്ച തുക പദ്ധതി ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്രം നൽകേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള റീ ഇംമ്പേഴ്സ്മെന്റ് തുകയാണ് കേന്ദ്രം അനുവദിച്ചത്.
2026 മാർച്ചിൽ കേന്ദ്രം 99.27 കോടി രൂപയും 2026 മെയ് 20ന് 106 കോടി രൂപയും അനുവദിച്ചെന്ന് രേഖയിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ തുക നിലവിൽ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. മാർച്ചിലും മെയിലും അനുവദിച്ച തുകയുമായി ബന്ധപ്പെട്ട മിനുറ്റ്സ് രേഖകൾ പുറത്ത് വന്നു. പി എം ശ്രീ പദ്ധതി ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്രം നൽകേണ്ട തുകയാണ് ഇത്. തുകയ്ക്ക് പി എം ശ്രീയുമായി ബന്ധമില്ല.
പി എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ പോര് കടുക്കുന്നിതിനിടെയാണ് രേഖകൾ പുറത്തുവന്നത്. പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്തു തുടർനടപടി തീരുമാനം വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ കടുത്തത്. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല.
എൽഡിഎഫ് സർക്കാർ പദ്ധതി ഒപ്പിട്ടതിനാൽ പ്രതിസന്ധി ഉണ്ടായി എന്ന വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഭരണപക്ഷം. മറ്റു വഴികൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. എന്നാൽ തീരുമാനത്തെ രൂക്ഷമായ വിമർശിച്ച് സിപിഐഎം- സിപിഐ നേതാക്കൾ രംഗത്തുവന്നു. യുഡിഎഫ് സംഘപരിവാറിന്റെ വഴങ്ങുന്നു എന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. പദ്ധതി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് മരവിപ്പിച്ചുകൊണ്ട് അന്ന് കേന്ദ്രത്തിന് കത്തയച്ചത് എന്നും പ്രതിപക്ഷം വാദിക്കുന്നു.


