പി എം ശ്രീ പദ്ധതിയിൽ തുടരാൻ തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുൻ സർക്കാർ ഒരു നയാപൈസയും വാങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാർ പദ്ധതി മരവിപ്പിച്ചതാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് വലിയ കളവാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
പി എം ശ്രീയിൽ നിന്ന് പിന്മാറാനായി മുൻ സർക്കാർ കത്ത് നൽകിയില്ലെന്ന് പറയുന്നത് മറ്റൊരു കളവാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കള്ളങ്ങൾ മാത്രം പറഞ്ഞിരുന്ന ആളാണ്. ഇപ്പോൾ മുഖ്യമന്ത്രി ആയപ്പോൾ അങ്ങനെ തന്നെ എന്ന് പറയാൻ വിഷമം ഉണ്ട്.പി എം ശ്രീയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തി വെക്കാൻ എൽ ഡി എഫ് സർക്കാർ കത്ത് നൽകിയിട്ടില്ലെന്നാണ് വി ഡി സതീശന്റെ വാദം എന്നാൽ ആ വാദം പൊളിയ്ക്കുന്ന രേഖകൾ ഇതിനകം പുറത്തു വന്നിരുന്നു. മുൻ സർക്കാർ 2025 നവംബർ 12 ന് കേന്ദ്രത്തിന് അയച്ച കത്ത് ഇതോടെ പുറത്ത് വന്നത്. കത്ത് നൽകിയതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു.അതേസമയം, കേന്ദ്രസർക്കാരിൻെറ വിദ്യാഭ്യാസ പരിപാടി എന്നതിനപ്പുറം തിരഞ്ഞെടുപ്പ് വർഷത്തിൽ കേരളം ഏറെ ചർച്ച ചെയ്ത രാഷ്ട്രീയ വിവാദം കൂടിയാണ് പി.എം ശ്രീ പദ്ധതി. മന്ത്രിസഭ അറിയാതെ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി ഇടതുമുന്നണിയിൽ പ്രശ്നം ആയപ്പോൾ സിപിഐഎം -ബിജെപി ഡീലിൻെറ തെളിവായാണ് അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കുന്തമുനയായി ഉപയോഗിച്ച പി.എം.ശ്രീ പദ്ധതി, അധികാരം ലഭിച്ചാൽ പിൻവലിക്കുമെന്നായിരുന്നു യുഡിഎഫിൻെറ അന്നത്തെ പ്രഖ്യാപനം.


